രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, ടീമിനെ ഇത്തവണയും സച്ചിന്‍ ബേബി നയിക്കും

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഇത്തവണയും സച്ചിന്‍ ബേബി നയിക്കും. വിഷ്ണു വിനോദ് ആണ് പുതിയ വൈസ് ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തും ടീമിലുണ്ട്. സഞ്ജു സാംസണ്‍ തല്‍ക്കാലം ടീമിലില്ല. ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് ടെസ്റ്റിലാണ് സഞ്ജു. അതു കഴിഞ്ഞാല്‍ ടീമിനൊപ്പം ചേരുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

പരിക്കേറ്റ റോബിന്‍ ഉത്തപ്പയും ഇരുപതംഗ ടീമില്‍ ഇല്ല. ജൂനിയര്‍ ക്രിക്കറ്റിലെ മികച്ച പ്രകടനവുമായി സീനിയര്‍ ടീമില്‍ അരങ്ങേറുന്ന പേസര്‍ ഏദന്‍ ആപ്പിള്‍ ടോം (17) ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. അണ്ടര്‍ 19 ടീമില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വരുണ്‍ നായനാര്‍(19), അണ്ടര്‍ 25 ടീമിലെ ഇടംകയ്യന്‍ ഓപ്പണിങ് ബാറ്റര്‍ ആനന്ദ് കൃഷ്ണന്‍ (25) എന്നിവരും ടീമിലെ പുതുമുഖങ്ങളാണ്.

മറ്റു ടീം അംഗങ്ങള്‍: ജലജ് സക്‌സേന, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എം.ഡി.നിധീഷ്, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മേല്‍, വത്സല്‍ ഗോവിന്ദ്, പി.രാഹുല്‍, കെ.സി. അക്ഷയ്, എസ്.മിഥുന്‍, എന്‍.പി.ബേസില്‍, മനു കൃഷ്ണന്‍, എഫ്.ഫനൂസ്, വിനൂപ് മനോഹരന്‍.

രാജ്‌കോട്ടില്‍ ഫെബ്രുവരി 17 മുതല്‍ കേരളത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കും. മേഘാലയയാണ് ആദ്യ എതിരാളികള്‍. ഫെബ്രുവരി 24ന് ഗുജറാത്തിനെതിരേയും മാര്‍ച്ച് മൂന്നിന് മധ്യപ്രദേശിനെതിരേയും കളത്തിലിറങ്ങും.

Top