വിഴിഞ്ഞം തുറമുഖത്തിനായി ഉപകരണങ്ങൾ വാങ്ങുന്ന കേരള സംഘം പരിശോധനയ്ക്കായ്‌ ചൈനയിലേക്ക്

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനായി ക്രെയിൻ ഉൾപ്പെടെ 1500 കോടിരൂപ വിലവരുന്ന ഉപകരണങ്ങൾ വാങ്ങുന്നതിനു മുൻപുള്ള സാങ്കേതിക പരിശോധനയ്ക്കായി കേരളത്തിൽനിന്നുള്ള സംഘം ചൈന സന്ദർശിക്കും. ഉപകരണങ്ങൾ വാങ്ങുന്നതിനു ഹോങ്കോങിലുള്ള ഷാങ്ഹായ് ഷെൻഹുവ പോർട്ട് മെഷിനറി (സെഡ്‌പിഎംസി) കമ്പനിയുമായി വിഴിഞ്ഞം ഇൻർനാഷനൽ സീപോർട്ട് ലിമിറ്റഡ് കരാറിലേർപ്പെട്ടിരുന്നു. മേയ് അവസാനത്തോടെ പോർട്ട് സിഇഒ ഡോ.ജയകുമാർ ചൈനയിലേക്കു പോകും. ഇതിനായി സർക്കാർ അനുമതി നൽകി.

തുറമുഖത്തിലേക്കുള്ള ഉപകരണങ്ങൾ വാങ്ങാനായി സെഡ്‌പിഎംസി കമ്പനിയുമായി 2018ലാണ് കരാറിൽ ഏർപ്പെട്ടത്. ഉപകരണങ്ങൾക്ക് 1500 കോടി രൂപയോളം ചെലവാകുമെന്നു പോർട്ട് അധികൃതർ പറഞ്ഞു. 8 സൂപ്പർ പോസ്റ്റ് പാനാമാക്സ് ക്രെയിനുകളും, 24 കാൻഡിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് ആദ്യഘട്ടത്തിൽ എത്തുന്നത്. ഷിപ്പിലേക്കു കണ്ടെയ്നറുകൾ എടുത്തുവയ്ക്കുന്നതിനാണു സൂപ്പര്‍ പോസ്റ്റ് പാനാമാക്സ് ക്രെയിൻ ഉപയോഗിക്കുന്നത്. 95 മീറ്റർ പൊക്കവും 65 മീറ്റർ നീളവും ഉള്ളതാണ് ക്രെയിനെന്ന് അധികൃതർ പറഞ്ഞു. കണ്ടെയ്നർ യാഡില്‍ കണ്ടെയ്നർ നീക്കുന്നതിനാണ് കാൻഡിലിവർ റെയിൽ മൗണ്ടഡ് ഗാൻട്രി ക്രെയിനുകൾ ഉപയോഗിക്കുന്നത്.

സൂപ്പർ പോസ്റ്റ് പാനാമാക്സ് ക്രെയിനിന് ഒരെണ്ണത്തിന് 80 കോടി രൂപയാണ് വില. ബെർത്തിന് മുകളിലുള്ള പാളങ്ങളിലൂടെയാണ് കാൻഡിലിവർ റെയിൽ മൗണ്ടഡ് ഗൗൻട്രി ക്രെയിനുകൾ സഞ്ചരിക്കുന്നത്. ക്രെയിനുകൾ സ്ഥാപിക്കാൻ ഒരു മാസത്തോളം സമയമെടുക്കും. മൂന്ന് കപ്പലുകളിലാണ് ക്രെയിന്റെ ഭാഗങ്ങൾ കൊണ്ടുവരുന്നത്. ചൈനയിൽനിന്ന് ക്രെയിനുകൾ ഒക്ടോബറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

ക്രെയിനുകൾ കയറ്റി അയയ്ക്കുന്നതിനു മുന്‍പുള്ള സാങ്കേതിക പരിശോധന നടത്താനാണു വിഴിഞ്ഞം പോർട്ട് സിഇഒ ചൈന സന്ദർശിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിൽ സെപ്റ്റംബറിൽ ആദ്യ കപ്പിൽ എത്തിക്കാനുള്ള ശ്രമത്തിലാണു സർക്കാർ. സമുദ്രത്തിൽ 30–40 ശതമാനം ചരക്കു നീക്കം നടക്കുന്ന പാതയിലാണു വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്.

Top