ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുന്നു: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളം പഠിപ്പിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചോദ്യോത്തര വേളയിലാണ് മന്ത്രിയുടെ പ്രതികരണം. പ്ലസ് വണ്‍, പ്ലസ് ടൂ പാഠഭാഗങ്ങളില്‍ ഗാന്ധി വധം, ഗുജറാത്ത് കലാപം എന്നീ പാഠഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കിയ പാഠങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനം പാഠപുസ്തകം തയ്യാറാക്കി എന്നും വിദ്യാഭ്യാസമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞു. കേരളത്തിന് ഒരു പാരമ്പര്യമുണ്ടെന്നും അതില്‍ നിന്ന് കൊണ്ട് മാത്രമേ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ സാധിക്കൂ എന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

ഗാന്ധിവധവും മുഗള്‍രാജാക്കന്‍മാരുടെ ഭരണകാലവും ഗുജറാത്ത് കലാപവും ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കപ്പെട്ട കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒരു പാഠപുസ്തകം ഉണ്ടാക്കി. ഇത്തരത്തിലൊരു പാഠപുസ്തകം ഇന്ത്യയിലെവിടെയെങ്കിലും തയ്യാറാക്കിയിട്ടുണ്ടെഹങ്കില്‍ അത് കേരളത്തിലാണെന്നും അഭിമാനത്തോടെ പറയുന്നുവെന്ന് ശിവന്‍കുട്ടി വ്യക്തമാക്കി. ഈ പാഠപുസ്തകം കേരളത്തില്‍ കുട്ടികള്‍ക്ക് പഠിച്ച പരീക്ഷയെഴുതി മാര്‍ക്ക് വാങ്ങാനുള്ളതാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top