കണ്ടു പഠിക്കണം കര്‍ണാടക; ഇത് കേരളത്തിന്റെ നന്മ

മലപ്പുറം: ലോകവ്യാപകമായി നിലനില്‍ക്കുന്ന കൊവിഡ് 19 ഭീതിയുടെ പേരില്‍ അതിര്‍ത്തികള്‍ മണ്ണിട്ടടച്ച് അത്യാസന്ന നിലയിലായ രോഗികള്‍ക്ക് പോലും ചികിത്സനിഷേധിച്ച് മരണത്തിനെറിഞ്ഞുകൊടുക്കുന്ന കര്‍ണാടക കണ്ടു പഠിക്കണം കേരളത്തിന്റെ നന്മ. നാടുകാണിയിലെ കേരള തമിഴ്‌നാട് അതിര്‍ത്തി കടന്ന് ജീവന്‍രക്ഷാ മരുന്നെത്തിച്ചിരിക്കുകയാണ് കേരള ഫയര്‍ഫോഴ്‌സ്.

ലോക്ക് ഡൗണ്‍ കാരണം ആവശ്യമരുന്നുകള്‍ കിട്ടാതെ വലയുന്നവര്‍ക്ക് മരുന്നെത്തിക്കുന്ന ഫയര്‍ഫോഴ്‌സിന്റെ സേവനത്തിന്റെ സാന്ത്വനം ഏറ്റുവാങ്ങിയത് തമിഴ്‌നാട് ദേവാല സ്വദേശിയാണ്. വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് എം. വി.ആര്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നുള്ള മരുന്ന് കിട്ടാന്‍ വഴിയുണ്ടോ എന്ന ആകുലതയുമായി അതിര്‍ത്തിക്കപ്പുറത്തു നിന്നും നിലമ്പൂര്‍ ഫയര്‍ഫോഴ്‌സിലേക്ക് ഫോണ്‍ വിളിയെത്തുന്നത്.

അതിര്‍ത്തി അടച്ചതിനാല്‍ വഴിയില്ലെന്ന തമിഴ്‌നാട് പൊലീസ് കൈമലര്‍ത്തിയപ്പോഴായിരുന്നു അവസാന പരിശ്രമമെന്ന നിലയില്‍ ആ ഫോണ്‍വിളി. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ഗഫൂര്‍ വിവരം മുക്കം ഫയര്‍‌സ്റ്റേഷനിലേക്കു കൈമാറി. മുക്കം ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ എം. വി ആര്‍ ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി ഇന്ന് അതിരാവിലെ നിലമ്പൂരില്‍ എത്തിച്ചു.

രാവിലെ 8 മണിയോടെ നിലമ്പൂര്‍ ഫയര്‍ ഫോഴ്സിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഇ. എം. ഷിന്റു, എ. എസ്. പ്രദീപ്, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ റംസാന്‍ ടാണ എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട് അതിര്‍ത്തിയില്‍ നാടുകാണി ചുരത്തില്‍വെച്ച് ദേവാല സ്വദേശിയായ രോഗിയുടെ ബന്ധുവിന് ജീവന്‍രക്ഷാ മരുന്ന് കൈമാറി.

സംസ്ഥാനത്ത് എല്ലായിടത്തും ജീവന്‍രക്ഷാമരുന്നില്ലാതെ ദുരിത്തിലായവര്‍ക്ക് 101 നമ്പറില്‍ വിളിച്ചാല്‍ ഫയര്‍ഫോഴ്‌സ് മരുന്ന് വീട്ടിലെത്തിക്കും. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ നൂറുകണക്കിനാളുകള്‍ക്കാണ് ഫയര്‍ഫോഴ്‌സിന്റെ ഈ സേവനം പുതുജീവന്‍ പകരുന്നത്.

കൊറോണ ഭീതിയെ തുടര്‍ന്ന് കാസര്‍കോട്ട് അതിര്‍ത്തി അടച്ച് ആംബുലന്‍സില്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികളെപ്പോലും കടത്തിവിടാത്ത ക്രൂരതയാണ് കര്‍ണാടക കാണിക്കുന്നത്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന പലയിടങ്ങളിലും റോഡ് മണ്ണിട്ട് അടച്ചിരിക്കുകയാണ്.

ഗുരുതര രോഗികള്‍ക്ക് ചികിത്സക്കും ചരക്കുകടത്തിനും അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി വിധി പോലും കര്‍ണാടക പാലിക്കാന്‍ തയ്യാറായിട്ടില്ല. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കര്‍ണാടക. അതിര്‍ത്തി കൊട്ടിയടച്ച് ചികിത്സ നിഷേധിച്ച് ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കുമ്പോള്‍ അതിര്‍ത്തി കടന്ന് മരുന്നെത്തിച്ച് ജീവന്‍ രക്ഷിക്കുന്ന നന്‍മയുടെ പാഠമാണ് കേരളം പകര്‍ന്ന് നല്‍കുന്നത്.

Top