ദുരിതമനുഭവിക്കുന്നവര്‍ക്ക് പിന്തുണയുമായി ലോകരാഷ്ട്രങ്ങളായ കുവൈറ്റും, ഇസ്രായേലും

heavy rain fall in kerala

ന്യൂഡല്‍ഹി: കേരളം നേരിടുന്ന അസാധാരണ ദുരന്ത സാഹചര്യത്തിനൊപ്പം ലോകരാഷ്ട്രങ്ങളും. കുവൈത്തും ഇസ്രായേലും ഉള്‍പ്പടെയുള്ള ലോകത്തെ വിവിധ രാഷ്ട്രങ്ങളാണ് ദുരന്തക്കാലത്ത് കേരളത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം ലോക മാധ്യമങ്ങള്‍ കേരളത്തിലെ അഭൂതപൂര്‍വ്വമായ പ്രളയ പ്രതിസന്ധി ലോക ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലോകരാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുന്നത്. നൂറിലേറെ മരണം സംഭവിച്ചിട്ടും എണ്ണിയാലൊടുങ്ങാത്ത നഷ്ടം സംഭവിച്ചിട്ടും കേരളത്തിലെ ദുരന്തത്തിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാതിരിക്കുമ്പോഴാണ് ലോക മാധ്യമങ്ങളും ലോകരാഷ്ട്രങ്ങളും കേരളത്തിന്റെ വിഷയത്തില്‍ ശ്രദ്ധചെലുത്തുന്നത്.

മുന്‍പ് ലോക രാഷ്ട്രങ്ങളുടെ വികസന നേട്ടങ്ങള്‍ക്കൊപ്പം എത്തിയ സ്ഥലം എന്ന നിലയിലായിരുന്നു കേരളത്തിന് ലോക ശ്രദ്ധ നേടിയിരുന്നത്.

കേരളത്തിന്റെ പ്രകൃതി ദുരന്തത്തില്‍ കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ദുഃഖം അറിയിച്ചു. രാഷ്ട്രതി രാംനാഥ് കോവിന്ദിന് അയച്ച സന്ദേശത്തിലാണ് അമീര്‍ ദുഃഖം രേഖപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തം കവര്‍ന്നവരുടെ ബന്ധുക്കള്‍ക്ക് അനുശോചനം അറിയിച്ച അമീര്‍, പരുക്കേറ്റവര്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.

കേരളത്തിലെ പ്രളയക്കെടുതിയില്‍ ഇന്ത്യയ്‌ക്കൊപ്പം പിന്തുണയുമായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. കേരളത്തെ തകര്‍ത്തെറിയുന്ന ഈ പ്രളയ ദുരിത കാലത്ത് ഇന്ത്യയ്‌ക്കൊപ്പമെന്ന് വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളില്‍ ലോകത്തെ വികസിത ഭൂപടത്തില്‍ ഇടം ലഭിച്ചിട്ടുളള കേരളം നേരിടുന്ന ദുരന്തത്തെ കനിവോടെയാണ് ലോക മാധ്യമങ്ങളും ലോക രാഷ്ട്രങ്ങളും കാണുന്നത്.

Top