സ്‌കൂളുകളുടെ പ്രവര്‍ത്തനമികവില്‍ കേരളത്തിന് തിരിച്ചടി; പിജിഐ റിപ്പോര്‍ട്ടില്‍ കേരളം രണ്ടാം നിരയില്‍

സ്‌കൂളുകളുടെ പ്രവര്‍ത്തനമികവില്‍ കേരളത്തിന് തിരിച്ചടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെര്‍ഫോമന്‍സ് ഗ്രേഡിങ് ഇന്‍ഡക്‌സിന്റെ 2021-22 ലെ റിപ്പോര്‍ട്ടില്‍ കേരളം രണ്ടാം നിരയിലേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞ 2 വര്‍ഷങ്ങളിലും ഏറ്റവും മുന്‍നിരയിലുള്ള സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളമുണ്ടായിരുന്നു. പഠനനിലവാരം, വരുത്തിയ മാറ്റം, അടിസ്ഥാന സൗകര്യം, ഭരണനിര്‍വഹണം തുടങ്ങിയ 73 ഘടകങ്ങള്‍ പരിശോധിച്ച് 1000 പോയിന്റിലാണു ഇത്തവണ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളെ വിലയിരുത്തിയത്. 10 ഗ്രേഡുകളിലാണു സംസ്ഥാനങ്ങളെ തിരിച്ചിരുന്നത്. ആദ്യത്തെ 5 ഗ്രേഡുകളില്‍ ഇക്കുറി ഒരു സംസ്ഥാനവുമില്ല. 641 മുതല്‍ 700 മാര്‍ക്കു വരെ നേടിയ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗണത്തില്‍ പ്രചേസ്ത-2 വിഭാഗത്തില്‍ ചണ്ഡിഗഡ്, പഞ്ചാബ് എന്നിവ എത്തി.

പ്രചേസ്ത-3 വിഭാഗത്തിലാണു ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍. 2020-21 അധ്യയന വര്‍ഷം 901-950 സ്‌കോര്‍ നേടി ഏറ്റവും മുന്നിലെത്തിയ 7 സംസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു കേരളം. 2019-20 ല്‍ സമാന ഗ്രേഡ് നേടിയ 5 സംസ്ഥാനങ്ങളിലും കേരളം ഉള്‍പ്പെട്ടിരുന്നു. മുന്‍വര്‍ഷങ്ങളിലെ ഗ്രേഡിങ് രീതി പരിഷ്‌കരിക്കുകയും യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജ്യുക്കേഷന്‍ പ്ലസിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Top