സംസ്ഥാന സ്‌കൂള്‍ കായിക മേള എറണാകുളം ചാമ്പ്യന്‍മാര്‍, രണ്ടാം സ്ഥാനത്ത് പാലക്കാട്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളത്തിന് പതിമൂന്നാം കിരീടം. 253 പോയിന്റുമായാണ് എറണാകുളം കിരീടം നിലനിര്‍ത്തിയത്. 196 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. ഏഴ് മീറ്റ് റെക്കോര്‍ഡുകളാണ് ഇത്തവണത്തെ കായിക മേളയില്‍ പിറന്നത്. തിരുവനന്തപുരത്തിന് മൂന്നാം സ്ഥാനമാണ്.

മാര്‍ ബേസിലില്‍ നിന്നും കിരീടം തട്ടിയെടുത്ത് സെന്റ് ജോര്‍ജ് കോതമംഗലം സ്‌കൂളുകളില്‍ ഒന്നാം സ്ഥാനത്തെത്തി. ആകെയുള്ള 96 ഇനങ്ങളിലെ 76 ഇനങ്ങള്‍ പിന്നിട്ടപ്പോഴേക്കും കോതമംഗലം സെന്റ് ജോര്‍ജ് കിരീടം ഉറപ്പിക്കുകയായിരുന്നു. 63 പോയിന്റാണ് നിലവില്‍ സെന്റ് ജോര്‍ജിനുള്ളത്. രണ്ടാം സ്ഥാനത്ത് പ്രധാന എതിരാളികളാണ് മാര്‍ ബേസില്‍ കോതമംഗലമാണ്. 44 പോയിന്റാണ് മാര്‍ ബേസിലിന്.

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ 200,400,600 മീറ്ററുകളില്‍ വിജയിച്ച് ചെങ്കീസ് ഖാന്‍ ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി. കോതമംഗലം സെന്റ് ജോര്‍ജിലെ വിദ്യാര്‍ത്ഥിയാണ്. 100,200,400 മീറ്ററുകളില്‍ സ്വര്‍ണം നേടി സാന്ദ്ര എ.എസും മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണം കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ആദര്‍ശും മേളയില്‍ ട്രിപിള്‍ സ്വര്‍ണം കരസ്ഥമാക്കി.

മേളയില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 200മീറ്ററില്‍ പാലക്കാടിന്റെ അബ്ദുള്‍ റസാഖ് സ്വര്‍ണം കരസ്ഥമാക്കി. വേഗമേറിയ താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട അഭിനവിനും ആന്‍സിക്കും സ്പ്രിന്റ് ഡബിള്‍. ഇന്ന് നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 200 മീറ്ററിലാണ് അഭിനവ് സ്വര്‍ണം നേടിയത്. ഇതേ വിഭാഗത്തില്‍ ആന്‍സിയും ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം സായിയിലെ വിദ്യാര്‍ത്ഥിയാണ് അഭിനവ്. ഇന്നലെ സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ 10.97 സെക്കന്റില്‍ അഭിനവ് ഫിനിഷ് ചെയ്തിരുന്നു.

സീനിയര്‍ പെണ്‍കുട്ടികളുടെ 200മീറ്ററില്‍ ആന്‍സി സോജന്‍ സ്വര്‍ണം നേടി. ഇന്നലെ 100മീറ്ററിലെ വേഗമേറിയ താരമായിരുന്നു ആന്‍സി. തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ആന്‍സി.

Top