കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്; 47 ചലച്ചിത്ര പ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും

തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് വൈകിട്ട് ആറ് മണിക്ക് നടക്കും. തിരുവനന്തപുരം നിശാഗന്ധിയില്‍ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായണന്‍, എം.ജയചന്ദ്രന്‍, റഫീക്ക് അഹമ്മദ്, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തുടങ്ങി 47 ചലച്ചിത്ര പ്രതിഭകള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.

മഹേഷ് നാരായണനാണ് മികച്ച സംവിധായകന്‍. ചിത്രം അറിയിപ്പ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍(ന്നാ താന്‍ കേസ് കൊട്) ആണ് മികച്ച തിരക്കഥാകൃത്ത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ഡോണ്‍ വിന്‍സെന്റിനാണ് (ന്നാ താന്‍ കേസ് കൊട്). മികച്ച സംഗീത സംവിധായകനായി എം. ജയചന്ദ്രനും ഗായകനായി കപില്‍ കബിലനും(പല്ലൊട്ടി) ഗായികയായി മൃദുല വാരിയറും ഗാനരചയിതാവായി റഫീഖ് അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ഷാഹി കബീര്‍ മികച്ച നവാഗത സംവിധായകനാണ്; ചിത്രം ഇലവീഴാപൂഞ്ചിറ. പല്ലൊട്ടി 90 കിഡ്‌സ് ആണ് മികച്ച കുട്ടികളുടെ ചിത്രം.

ജെ.സി ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ടി.വി ചന്ദ്രന് മുഖ്യമന്ത്രി സമ്മാനിക്കും. പുരസ്‌കാര വിതരണത്തിന് ശേഷം പിന്നണിഗായകര്‍ നയിക്കുന്ന സംഗീതപരിപാടി ഉണ്ടായിരിക്കും. ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് മികച്ച ചിത്രം. ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ‘രേഖ’യിലെ പ്രകടനത്തിനാണ് വിന്‍സിക്ക് പുരസ്‌കാരം. ‘ന്നാ താന്‍ കേസ് കൊട്’ ആണ് ആണ് മികച്ച ജനപ്രിയ ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു.

Top