മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളില്‍ കാലവര്‍ഷം ശക്തമായേക്കും. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നാളെയോടെ ചുഴലിക്കാറ്റായി മാറും. കേരള തീരത്ത് 40 മുതല്‍ 55 കി.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യമത്സത്തൊഴിലാളികള്‍ കടിലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ജൂണ്‍10 ,11ന് തെക്ക് കിഴക്ക് അറബിക്കടലിലും, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരങ്ങളിലും, 11, 12 തിയ്യതികളില്‍ മധ്യ കിഴക്കന്‍ അറബിക്കടലിലും , മഹാരാഷ്ട്ര തീരത്തും, 12, 13 തിയ്യതികളില്‍ വടക്ക് കിഴക്കന്‍ അറബിക്കടലിലും ഗുജറാത്ത് തീരങ്ങളിലും മേല്‍പറഞ്ഞ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. മഴയുമായി ബന്ധപ്പെട്ടുള്ള അപകടങ്ങളും ഉണ്ടാകുന്നുണ്ട്. കടലാക്രമണവും രൂക്ഷമാകുന്നുണ്ട്. വലിയതുറയില്‍ 5 വീടുകള്‍ പൂര്‍ണമായും, 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. മലപ്പുറം കോഴിക്കോട് ജില്ലകളില്‍ മറ്റന്നാള്‍ റെഡ് അലര്‍ട്ട് പ്രഖാപിച്ചിട്ടുണ്ട്.

Top