സ്മാഷുകളാണ് ഗോകുലത്തിന്റെ വിജയരഹസ്യം; ടി.പി.ദാസനെ ട്രോളി സോഷ്യല്‍ മീഡിയ

കേരള ജനതയെ ഫുട്‌ബോൾ കളിയുടെ രസം അറിയിച്ച് ഐ ലീഗിൽ മുന്നേറുകയാണ് ഗോകുലം കേരള എഫ്‌സി. കളിക്കുന്ന ഓരോ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ടീം. ഇപ്പോൾ ഇതാ ഗോകുലത്തിന്റെ ഈ വിജയത്തിന് പിന്നിലെ രഹസ്യമെന്തെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ.

ഗോകുലം ആരാധകരുടെ മനസ് കീഴടക്കിയത് സ്മാഷുകളിലൂടെയാണ് എന്നാണ് ടി.പി.ദാസൻ പറയുന്നത്. ഗോകുലം ശ്രീ മാസികയിൽ എഴുതിയ ലേഖനത്തിലാണ് ടി.പി.ദാസന് ഈ അബദ്ധം പിണഞ്ഞത്. ഗോകുലം എഫ്‌സിയുടെ ഉടമ കൂടിയായ ഗോകുലം ഗോപാലനെ കുറിച്ചുള്ള ലേഖനത്തിനിടെയാണ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റിന് അബദ്ധം പറ്റിയത്.

‘ഉജ്ജ്വലമായ സ്മാഷുകളിലൂടെ ഫുട്‌ബോൾ പ്രേമികളുടെ മനസ്സ് കീഴടക്കാൻ ഗോകുലത്തിന് കഴിഞ്ഞുവെങ്കിൽ അതിന് പിന്നിൽ ചെയർമാനായ ഗോപാലേട്ടന്റെ നല്ല മനസ്സ് തന്നെയാണ്. ഗോകുലം എഫ്‌സി പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല. വർഷങ്ങളോളം ഗോപാലേട്ടൻ മനസിൽ സൂക്ഷിച്ച ഒരാശയമായിരുന്നു. ഇക്കാര്യം പലഘട്ടങ്ങിളും എന്നോട് സംസാരിച്ചു’ എന്നായിരുന്നു ടി.പി.ദാസന്റെ വാക്കുകൾ.

ഈ മാസിക പുറത്ത് വന്നതോടെ ഫുട്‌ബോളും വോളിബോളും അറിയാത്ത ആളാണോ സ്‌പോർട്‌സ് കൗൺസിലിന്റെ തലപ്പത്തെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Top