Kerala solar scam: Biju Radhakrishnan seeks time

കൊച്ചി: സോളാര്‍ സാമ്പത്തിക തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ത്ത് പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതി ബിജു രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കും.

കോന്നിയിലെ വ്യവസായി മല്ലേലില്‍ ശ്രീധരന്‍ നായരില്‍ നിന്ന് പണം തട്ടിയ കേസില്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നും ബിജു ആവശ്യപ്പെടും. ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിച്ചിട്ടും ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിജു ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രത്യേക അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നും കേസില്‍ മുഖ്യമന്ത്രിയെ പ്രതിചേര്‍ത്ത് പുനരന്വേഷണം നടത്തണമെന്നും ആവശ്യമുന്നയിക്കും. കൂടാതെ മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ച് നിയമസഭാ സാമാജികര്‍ക്കെതിരെ വിജിലന്‍സ് കോടിതിയെ സമീപിക്കാനും നീക്കമുണ്ട്.

ഈ രണ്ട് കാര്യങ്ങളും ആവശ്യപ്പെട്ട് തിരുവനന്തപുരം എ.സി.ജെ.എം കോടതിയില്‍ കഴിഞ്ഞദിവസം ബിജു രാധാകൃഷ്ണന്‍ അപേക്ഷ നല്‍കി. ഹര്‍ജി നല്‍കാന്‍ അഡ്വ. മോഹന്‍ കുമാറിനെ വക്കാലത്ത് ഏല്‍പ്പിക്കുന്നതിന് കോടതി അനുമതി നല്‍കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ ബിജുവിന്റെ പുതിയ നീക്കം സോളാര്‍ കേസ് വീണ്ടും സജീവ ചര്‍ച്ചാ വിഷയമാക്കും.

Top