കേരളം ഇതര സംസ്ഥാനങ്ങള്‍ക്കു മാതൃക; കൊവിഡ് പ്രതിരോധം ലോകശ്രദ്ധ നേടിയെന്ന് രാഷ്ട്രപതി

തിരുവനന്തപുരം: കേരളത്തെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമെന്നു രാഷ്ട്രപതി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്കു മാതൃകയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂര്‍ണ സാക്ഷരതയുടെ മുഖ്യശില്‍പിയുമായ പി.എന്‍.പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എന്‍.പണിക്കര്‍ ഓര്‍മയായി കാല്‍നൂറ്റാണ്ടിനു ശേഷമാണ് അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ അനാവരണം ചെയ്യുന്നത്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്ന സന്ദേശവുമായി കേരളീയരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയര്‍ത്തിയ പുതുവായില്‍ നാരായണ പണിക്കര്‍ സാക്ഷരതാ പ്രസ്ഥാനത്തിന്റെ പരിപോഷകനായിരുന്നു.

ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാകരുതെന്ന ചിന്തയോടെ നാട്ടുകാരെ പ്രബുദ്ധരാക്കാന്‍ അദ്ദേഹം അധ്വാനിച്ചു. വീടുകള്‍ തോറും കയറി പുസ്തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടില്‍ ‘സനാതനധര്‍മം’ വായനശാല സ്ഥാപിച്ചായിരുന്നു അതിനു തുടക്കമിട്ടത്. ഇത്തിരിവെട്ടത്തില്‍ തുടങ്ങിയ ഗ്രന്ഥശാലകളെല്ലാം പിന്നീട് നാടിന്റെ സാംസ്‌കാരികകേന്ദ്രങ്ങളായി. ഗ്രന്ഥശാലകള്‍ക്ക് സംഘടിതരൂപമുണ്ടായതും പണിക്കരുടെ ശ്രമഫലമായിരുന്നു.

തിരുവനന്തപുരം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള പൂജപ്പുര പാര്‍ക്കിലാണ് പി.എന്‍.പണിക്കരുടെ പൂര്‍ണകായ പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്തത്. 2019 ഡിസംബറില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രതിമ പിറ്റേവര്‍ഷം ജനുവരിയില്‍ സ്ഥാപിച്ചെങ്കിലും കോവിഡിനെത്തുടര്‍ന്ന് ചടങ്ങ് നീളുകയായിരുന്നു. വെങ്കലത്തില്‍ 11 അടി ഉയരമുള്ളതാണ് പ്രതിമ. 1.25 ടണ്‍ ഭാരം. പീഠത്തിന് 9 അടി ഉയരം. കെ.എസ്.സിദ്ധനാണ് ശില്‍പി. 15 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.

Top