സ്വാശ്രയ മെഡിക്കല്‍ ഫീസ്; അടിയന്തരമായി വാദം കേള്‍ക്കണമെന്ന് കേരളം

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഉയര്‍ന്ന ഫീസ് ഈടാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കേരളം കത്തയച്ചു. കേരളത്തിലെ മെഡിക്കല്‍ പ്രവേശനം നിശ്ചലമായിരിക്കുകയാണെന്നും സംസ്ഥാനം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ റാങ്ക് പട്ടികയില്‍ ഉള്ള ചില വിദ്യാര്‍ത്ഥികളും സുപ്രീം കോടതിയെ സമീപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ ജി പ്രകാശ് ആണ് ഹര്‍ജിയില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. ഹൈക്കോടതി വിധിക്കെതിരേ കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

2019ലെ കേന്ദ്ര മെഡിക്കല്‍ കമ്മിഷന്‍ നിയമം നിലവില്‍ വന്നതോടെ ഫീസ് നിര്‍ണ്ണയിക്കാനുള്ള അധികാരം കമ്മീഷനാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്മീഷന്‍ ഇത് വരെയും നിലവില്‍ വന്നിട്ടില്ല. അതിനാല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം നിലവില്‍ വന്ന സംസ്ഥാന ഫീസ് നിര്‍ണ്ണയ സമിതി നിശ്ചയിക്കുന്ന ഫീസ് ആണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പടിവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

Top