വേഗ റയില്‍പാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം : തെക്കുവടക്ക് വേഗ റയില്‍പാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനമായി. നവംബറില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കും. വേഗ റയില്‍പാതയിലൂടെ ട്രെയിനില്‍ ചരക്കുലോറികള്‍ കടത്തിവിടുന്നതും ചെറുപട്ടണങ്ങളില്‍ നിര്‍ത്തുന്ന ചെറിയ ട്രെയിനുകള്‍ ഓടിക്കുന്നതും പരിഗണനയിലുണ്ടെന്ന് പദ്ധതി നടപ്പാക്കുന്ന KRDCL അധികൃതര്‍ അറിയിച്ചു.

തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡുവരെ 532 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1463 രൂപയാണ് ചിലവ്. ദേശീയപാതയില്‍ നിന്നകന്ന്, ആള്‍ത്താമസം പരമാവധി കുറവുള്ള ഭൂമിയാകും പദ്ധതിക്ക് ഏറ്റെടുക്കുന്നത്. പദ്ധതിക്കുവേണ്ട 66000 കോടിയില്‍ 11000 കോടിയും ഭൂമിയേറ്റെടുക്കാനാണ് തീരുമാനം. പദ്ധതി ലാഭകരമാക്കാന്‍ റോറോ സര്‍വീസ് നടത്തും. ചരക്കുലോറികള്‍ ട്രയിനില്‍ കയറ്റി കൊണ്ടുപോകുന്ന സര്‍വീസാണ് ഇത്.

വേഗ ട്രെയിനിന് പത്ത് സ്റ്റോപ്പുകളാണ് ഉള്ളത്. രണ്ട് സ്റ്റോപ്പുകള്‍ക്കിടയില്‍ നിര്‍ത്തുന്ന ചെറു ട്രെയിനുകള്‍ ഇതേ പാതയിലൂടെ ഓടിക്കാനും പദ്ധതിയുണ്ട്.

അലൈന്‍മെന്റിന് അനുമതിയായതോടെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലുമണിക്കൂര്‍ കൊണ്ടെത്താവുന്ന വേഗ റയില്‍പ്പാതയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിശദമായ പദ്ധതി റിപ്പോര്‍ട്ടിനുള്ള ഏരിയല്‍ സര്‍വേ നടത്താന്‍ ഹൈദരാബാദിലെ ജിയോനോ എന്ന കമ്പനിയെ ചുമതലപ്പെടുത്തി.

Top