kerala sees long queues at banks, ATMs – and anger

കൊച്ചി: നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെയുണ്ടായ പണപ്രതിസന്ധി രാജ്യത്ത് തുടരുന്നു. പഴയ 500, 1000 നോട്ടുകള്‍ നിക്ഷേപിക്കാനുളളവരുടേയും പണം പിന്‍വലിക്കാനുളളവരുടേയും തിരക്ക് ജില്ലയിലെ ബാങ്കുകള്‍ക്ക് മുന്നില്‍ കൂടിവരുന്ന കാഴ്ചയാണ് രാവിലെ മുതല്‍.

ജില്ലയിലെ 7,000 എ.ടി.എമ്മുകള്‍ 3,000 മാത്രമെ തുറന്ന് പ്രവര്‍ത്തിക്കുന്നുള്ളു. പല എ.ടി.എമ്മുകളും ഇപ്പോഴും കാലിയാണ്. രണ്ടു ദിവസമായി പൂട്ടിയിട്ടിരുന്ന എ.ടി.എമ്മുകള്‍ ഇന്നലെയാണ് തുറന്ന് പ്രവര്‍ത്തിച്ചത്.

എന്നാല്‍, നിമിഷ നേരം കൊണ്ട് ഇവയെല്ലാം കാലിയാവുകയായിരുന്നു. ഇന്ന് എ.ടി.എമ്മുകളില്‍ പണമെത്തുമെന്ന വിശ്വാസത്തിലായിരുന്നു പലരും. രാവിലെയും എ.ടി.എമ്മില്‍ പണമെത്തിയില്ലെന്ന് അറിഞ്ഞതോടെ ജനം വീണ്ടും ആശങ്കയിലായിരിക്കുകയാണ്.

തപാല്‍ ഓഫീസിലും നോട്ട് മാറ്റിയെടുക്കാനുള്ള തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം 2,000 രൂപ ലഭിച്ചവരും ഈ നോട്ട് ചില്ലറയാക്കാന്‍ ബുദ്ധിമുട്ടുകയാണ്.

എ.ടി.എമ്മില്‍ നിന്ന് 2000 രൂപയാണ് എടുക്കാവുന്നത്, രണ്ടാംശനിയാഴ്ച ആണെങ്കിലും ബാങ്കുകള്‍ ഇന്ന് നാലുമണിവരെ പ്രവര്‍ത്തിക്കും.അസാധുവായ നോട്ടുകള്‍ 4000 രൂപയ്ക്ക് വരെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ബാങ്കുകളില്‍ നിന്ന് മാറാം.

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുന്നതിനായി പ്രഖ്യാപിച്ച നോട്ടുമാറ്റല്‍ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ചര്‍ച്ച ചെയ്യാനും പണമിടപാട് സുഗമമാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും ഇന്ന് കൂടിക്കാഴ്ച നടത്തും.

ആവശ്യത്തിന് പണമുണ്ടെന്നും എന്നാല്‍ അത് കൃത്യമായി ബാങ്കുകളില്‍ എത്തിക്കുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിലുമുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

2000 രൂപയുടെ ഒന്നര ലക്ഷം കോടി നോട്ടുകളാണ് വിവിധ ബാങ്കുകളില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇത് 3 ലക്ഷം കോടി രൂപയോളം വരും. മറ്റൊരു ഒന്നരലക്ഷം കോടി നോട്ടുകള്‍ എത്തിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിന് പുറമെ ഈ മാസം അവസാനത്തില്‍ 3 ലക്ഷം കോടി നോട്ടുകള്‍ (6 ലക്ഷം കോടി രൂപ) ബാങ്കുകളില്‍ വിതരണം ചെയ്യും.

പുതിയ 500ന്റെ നോട്ടുകള്‍ നിലവില്‍ മുംബൈയിലും ഡല്‍ഹിയിലും മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് ആര്‍ബിഐ അറിയിച്ചു. രണ്ടാഴ്ചക്കുള്ളില്‍ രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിലേക്കും 500ന്റെ പുതിയ നോട്ടുകള്‍ എത്തിക്കും.

ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുകള്‍ പിന്‍വലിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം 14 ലക്ഷം കോടി വിലമതിക്കുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകളാണ് തിരിച്ചെടുത്തത്.

അതിനിടെ പുതിയ 1000 രൂപ നോട്ടിന്റെ പ്രിന്റിംഗ് ആരംഭിച്ചു കഴിഞ്ഞു. ഡിസംബറോട് കൂടി ഇത് വിതരണം ചെയ്ത് തുടങ്ങുമെന്നാണ് അറിയുന്നത്.

Top