കാലാവസ്ഥ നിരീക്ഷണത്തിന് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടാനൊരുങ്ങുന്നു

തിരുവനന്തപുരം: കാലാവസ്ഥ നിരീക്ഷണത്തിന് സ്വകാര്യ ഏജന്‍സികളുടെ സഹായം തേടാനൊരുങ്ങി കേരളം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റേതാണ് തീരുമാനം. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണത്തിന്റെ ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനം സജ്ജമല്ലാത്തതിനാലാണ് സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 30-ന് ചേര്‍ന്ന കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം കേരളത്തിലെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളുടെ ഇപ്പോഴത്തെ നിലയും അതിന്റെ പ്രവര്‍ത്തനവും വിശദമായി പരിശോധിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ 73 ഓട്ടോമേറ്റഡ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള സ്ഥലം നിര്‍ദേശിക്കണമെന്നും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ മണ്‍സൂണിന് മുമ്പ് 15 ഓട്ടോമേറ്റഡ് സ്റ്റേഷനുകള്‍ മാത്രമേ സജ്ജമാക്കാന്‍ കഴിയൂ എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അവര്‍ക്ക് നല്‍കിയ ഉറപ്പ്.

പതിനാലാം തീയതി വരെ അഞ്ച് ഓട്ടോമേറ്റഡ് സ്റ്റേഷനുകള്‍ മാത്രമാണ് സജ്ജമായിട്ടുള്ളത്. 15 എണ്ണം എന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ല. എന്നാല്‍ സ്ഥാപിക്കപ്പെട്ടവയില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കാലാവസ്ഥാ നിരീക്ഷണത്തിനായി നാല് സ്വകാര്യ ഏജന്‍സികളായ സ്‌കൈനെറ്റ്, ഐബിഎം, എര്‍ത്ത് നെറ്റ്‌വര്‍ക്ക്, വിന്‍ഡ് എന്നിവയുടെ സഹായം തേടാനാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Top