തമിഴ്‌നാടിനായി കളിക്കുമെന്ന അഭ്യൂഹങ്ങള്‍ തെറ്റ്‌: രഞ്ജി ട്രോഫി താരം സന്ദീപ് വാരിയര്‍

കോട്ടയം: അടുത്ത ആഭ്യന്തര സീസണില്‍ കേരളം വിട്ട് തമിഴ്‌നാടിനായി കളിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേരള രഞ്ജി ട്രോഫി താരം സന്ദീപ് വാരിയര്‍. അങ്ങനെയൊരു തീരുമാനവും താന്‍ കൈക്കൊണ്ടിട്ടില്ലെന്ന് സന്ദീപ് വാരിയര്‍ പറഞ്ഞു.

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ (ടിഎന്‍സിഎ) അനൗദ്യൗഗികമായി സമീപിച്ചപ്പോള്‍ തമിഴ്‌നാടിനായി കളിക്കാന്‍ സന്ദീപ് വാരിയര്‍ സമ്മതം മൂളിയതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഒന്നാം നമ്പര്‍ ബോളറാണ് സന്ദീപ് വാരിയര്‍. ടി. നടരാജനുണ്ടെങ്കിലും പേസ് വിഭാഗത്തില്‍ മികച്ച രണ്ടാം ബോളറുടെ അഭാവം നേരിടുന്ന തമിഴ്‌നാട്, സന്ദീപ് വാരിയരെ ടീമിലെടുത്ത് പേസ് ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുമെന്നായിരുന്നു റിപ്പോര്‍ട്ട്.

‘ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. ഇന്ത്യാ സിമന്റ്‌സിലാണ് എനിക്കു ജോലി. അതുകൊണ്ടുതന്നെ ഭാര്യയ്‌ക്കൊപ്പം ചെന്നൈയിലാണ് സ്ഥിരതാമസം. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഇതുവരെ അവിടേക്ക് ക്ഷണിച്ച് ഔദ്യോഗികമായി എന്നെ സമീപിച്ചിട്ടില്ല. മാത്രമല്ല, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ എന്നാണ് അടുത്ത ആഭ്യന്തര സീസണ്‍ ആരംഭിക്കുകയെന്ന കാര്യത്തിലും വ്യക്തതയില്ല’ സന്ദീപ് വാരിയര്‍ വ്യക്തമാക്കി.

ഇത്തവണ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സന്ദീപ് വാരിയരുടെയും സഞ്ജു സാംസണിന്റെയും അഭാവം കേരളത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ സെമിഫൈനലിലെത്തിയ കേരളത്തിന് ഇത്തവണ ക്വാര്‍ട്ടറില്‍ പോലും കടക്കാനായില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ എട്ടു കളികളില്‍നിന്ന് ഒരേയൊരു ജയം മാത്രമാണ് കേരളത്തിന് നേടാനായത്. രണ്ടു മത്സരങ്ങള്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടെ ഇടംപിടിച്ചതിനെ തുടര്‍ന്ന് ഈ സീസണില്‍ കേരളത്തിനായി നാലു മത്സരങ്ങളില്‍ മാത്രമാണ് സന്ദീപ് വാരിയര്‍ക്ക് കളിക്കാനായത്.

‘കഴിഞ്ഞ രണ്ടു സീസണിലും കേരളം നോക്കൗട്ടില്‍ കടന്നതാണ്. ഇത്തവണ അതിനു സാധിക്കാതെ പോയത് കനത്ത നിരാശായിപ്പോയി. മധ്യനിരയില്‍ ഏറ്റവും വിശ്വസ്തനായ സഞ്ജു സാംസണിന്റെ അഭാവം നമ്മെ വല്ലാതെ വലച്ചു. ബോളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബേസില്‍ തമ്പിയുടെയും കെ.എം. ആസിഫിന്റെയും പരുക്ക് തിരിച്ചടിച്ചു’ സന്ദീപ് ചൂണ്ടിക്കാട്ടി.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ സന്ദീപ് വാരിയര്‍, കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഉള്‍പ്പെടെ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും റദ്ദാക്കിയ സാഹചര്യത്തില്‍ ഇപ്പോള്‍ വീട്ടിലിരിപ്പാണ്. വീട്ടിലെ ജിമ്മില്‍ ഇപ്പോഴും വ്യായാമം ചെയ്യുന്നുണ്ടെന്ന് സന്ദീപ് വ്യക്തമാക്കി.

Top