പാലായുടെ പുത്തന്‍ ട്രാക്കിലെ കൗമാര കേരളത്തിന്റെ കുതിപ്പിന് ഇന്ന് സമാപനം

പാലാ: കായിക പ്രേമികളെ ആവേശത്തിലാഴ്ത്തിയ 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് പാലായില്‍ ഇന്ന് കൊടിയിറങ്ങും.

വൈകിട്ട് 4.30ന് സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുക.

കെ.എം.മാണി എംഎല്‍എ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രഫ്.രവീന്ദ്രനാഥ് സമ്മാനം വിതരണം ചെയ്യു.

മീറ്റില്‍ 205 പോയിന്റുമായി എറണാകുളം മുന്നിലാണ്. 75 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. 22 ഇനങ്ങള്‍കൂടി ഇനി പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

134 പോയിന്റോടെ പാലക്കാടാണ് രണ്ടാമത്. 86 പോയിന്റുള്ള കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.

മാര്‍ബേസില്‍ എച്ച്.എസ്.എസ് കോതമംഗലമാണ് സ്‌കൂളുകളില്‍ ഒന്നാമതായി നില്‍ക്കുന്നത്.

മീറ്റില്‍ ഇതുവരെ ദേശീയ റെക്കോര്‍ഡുകള്‍ മറികടന്ന നാലു പ്രകടനങ്ങള്‍ ഉണ്ടായി. ലോങ് ജംപില്‍ സാന്ദ്രാബാബു, ആന്‍സി സോജന്‍, 3000 മീറ്റര്‍ ഓട്ടത്തില്‍ അനുമോള്‍ തമ്പി, 5000 മീറ്റര്‍ ഓട്ടത്തില്‍ അജിത്ത് പി.എന്‍. എന്നിവരാണ് ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനങ്ങള്‍ കാഴ്‌വെച്ചത്.

സമാപനത്തോടനുബന്ധിച്ച് മീനച്ചില്‍ താലൂക്കിലെ ഹയര്‍സെക്കന്‍ഡറി വരെയുള്ള എല്ലാ ഗവ. എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു

Top