ദൃശ്യ വിരുന്നൊരുക്കി കൗമാര കലാമാമാങ്കത്തിന് സാംസ്‌ക്കാരിക നഗരിയില്‍ തിരിതെളിഞ്ഞു

school-kalolsavam

തൃശ്ശൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലോല്‍സവത്തിന് തൃശ്ശൂരില്‍ തിരിതെളിഞ്ഞു. പ്രധാനവേദിയില്‍ മുഖ്യമന്ത്രിക്ക് പകരം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്തു. കമ്പോളത്തിന്റെ കൈകളിലേക്ക് കലയെ വിട്ടുകൊടുക്കരുതെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ സ്പീക്കര്‍ പറഞ്ഞു. കലാപ്രതിഭകളെ കേരളത്തിന് ഉപകാരപ്പെടുംവിധം പ്രതിഭാബാങ്ക് രൂപീകരിച്ച് മുന്നോട്ടുപോകേണ്ട സമയമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, എസി.മൊയ്തീന്‍, കലാമണ്ഡലം ഗോപി, ഗായകന്‍ പി.ജയചന്ദ്രന്‍ തുടങ്ങി രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഔദ്യോഗിക തിരക്കുകള്‍ ഉളളതിനാലാണ് മുഖ്യമന്ത്രി എത്താത്തതെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു.

സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിന്റെ വേദിയുണരും മുന്‍പ് തേക്കിന്‍ക്കാട് മൈതാനത്ത് ദൃശ്യവിസ്മയമൊരുങ്ങി. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 2000 കലാകാരന്‍മാരും കലാകാരികളുമാണ് തനത് കലകളുടെ വിരുന്നൊരുക്കിയത്. അര്‍ജുന നൃത്തം, മയൂര നൃത്തം, തുടങ്ങി അന്യം നിന്ന് പോയ പല കലാരൂപങ്ങളും തേക്കിന്‍ കാടിനെ വര്‍ണാഭമാക്കി. 1000 പെണ്‍കുട്ടികളെ അണിനിരത്തി കിഴക്കേ നടയില്‍ മെഗാ തിരുവാതിര അരങ്ങേറിയതും കാഴ്ചയില്‍ വിസ്മയമായി.

232 ഇനങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരിക്കും. 24 വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. മോഹിനിയാട്ടം, ഭരതനാട്യം, മോണോആക്ട് എന്നീ വിഭാഗങ്ങളിലാണ് ഇന്നത്തെ മത്സരങ്ങള്‍. കലോല്‍സവം ജനുവരി പത്തിന് സമാപിക്കും.

Top