സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നാളെമുതല്‍

തിരുവനന്തപുരം: രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് കേരള സവാരി നാളെ ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് പ്രവര്‍ത്തനമാരംഭിക്കും.

ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസില്‍ സജ്ജമായി. കോള്‍ സെന്റര്‍ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് പരാതികള്‍ അറിയിക്കാവുന്നതാണ്.

കോള്‍ സെന്ററില്‍ ലഭിക്കുന്ന പരാതികളുടെ പരിഹാരത്തിനായി ത്രിതല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് 24 മണിക്കൂറിനകം പരിഹാരം കണ്ടെത്തും. അതിനു സാധിക്കാത്ത പരാതികള്‍ ഈ സമയ പരിധിക്കുള്ളില്‍ തന്നെ രണ്ടാമത്തെ ലെവല്‍ ഉദ്യോഗസ്ഥന് കൈമാറുകയും അദ്ദേഹം 12 മണിക്കൂറിനകം പരിഹാരം കാണേണ്ടതുമാണ്. അവിടെയും പരിഹരിക്കാനാവാത്ത പരാതികള്‍ മൂന്നാമത്തെ ലെവല്‍ ഉദ്യോഗസ്ഥന് കൈമാറും. അദ്ദേഹത്തിന്റേയും അനുവദനീയ സമയം 12 മണിക്കൂര്‍ ആണ്. ഇപ്രകാരം 48 മണിക്കൂറിനുള്ളില്‍ എല്ലാ പരാതികള്‍ക്കും പരിഹാരം കണ്ടെത്തും. ഏതെങ്കിലും സാഹചര്യത്തില്‍ ഈ മുന്നു തലത്തിലും പരിഹരിക്കാനാവാത്ത പരാതികള്‍ സിഇഒ തലത്തില്‍ വിശദമായി പരിശോധിച്ച് പരിഹാരം കണ്ടെത്തും.അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന പാനിക് ബട്ടണ്‍ ഉള്‍പ്പെടെ നിരവധി ഫീച്ചറുകളുള്ള ആപ്പും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഉദ്ഘാടന സമയം മുതല്‍ കേരള സവാരി ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.

സംസ്ഥാനത്തെ ഓട്ടോ -ടാക്‌സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരളസവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് നടപ്പിലാക്കുക. തുടര്‍ന്ന് ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കും. ഏറെ പ്രതിസന്ധികള്‍ നേരിടുന്ന ടാക്സി ഓട്ടോ തൊഴിലാളികള്‍ക്ക് ഒരു കൈത്താങ്ങാവുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള സവാരി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.

പ്ലാനിംഗ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി, ഗതാഗതം, ഐടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.

Top