കേരളീയ സമാജം ‘ഭരത് മുരളി സ്മാരക പുരസ്‌കാരം’ നടി സേതുലക്ഷ്മിക്ക്

മനാമ:നാടക രംഗത്തെ പ്രതിഭകള്‍ക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ‘സ്‌കൂള്‍ ഓഫ് ഡ്രാമ’ നല്‍കിവരുന്ന സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ‘ഭരത് മുരളി സ്മാരക പുരസ്‌കാരം’ നടി സേതുലക്ഷ്മിക്ക്. ശില്‍പവും പ്രശസ്തി പത്രവും അമ്പതിനായിരം രൂപയും അടങ്ങിയ പുരസ്‌കാരം ഫെബ്രുവരി ആറിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നടിക്ക് സമ്മാനിക്കും. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എം. പി. രഘു എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

അരനൂറ്റാണ്ടിലേറെയായി നാടക രംഗത്തുള്ള സേതുലക്ഷ്മി തിരുവനന്തപുരം സ്വദേശിനിയാണ്. അമച്വര്‍, പ്രൊഫഷനല്‍ നാടക രംഗത്ത് ഒരുപോലെ തിളങ്ങിയ കലാകാരി ‘കാട്ടുകുതിര’, ‘ദ്രാവിഡവൃത്തം’, ‘ഭാഗ്യ ജാതകം’, ‘ചിന്ന പാപ്പാന്‍’ തുടങ്ങിയ നാടകങ്ങളിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും കേരള സംഗീത നാടക അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്.

Top