കേരളത്തിന്റെ സ്വന്തം ഇലട്രിക് ഓട്ടോ ഫ്ളാഗ് ഓഫ് ചെയ്തു; ആദ്യ ഓട്ടം നിയമസഭയിലേക്ക്

നെയ്യാറ്റിന്‍കര: കേരളത്തിന്റെ സ്വന്തം ഇലട്രിക് ഓട്ടോ ‘നീം-ജി’യുടെ സര്‍വീസ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. സ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍.) നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് ഇലട്രിക് ഓട്ടോയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് നിയമസഭയിലേക്കായിരുന്നു കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോയുടെ ആദ്യ യാത്ര.
വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരായിരുന്നു കന്നിയാത്രക്കാര്‍.

ഈ വര്‍ഷം ജൂണിലാണ് കെ.എ.എല്ലിന് ഇ-ഓട്ടോ നിര്‍മാണത്തിനുള്ള കേന്ദ്രാനുമതി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മാണത്തിന് അനുമതി നേടുന്നത്. ജൂലൈയിലായിരുന്നു വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിച്ചത്.

ഡ്രൈവര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന ഈ ഇലക്ട്രിക്ക് ഓട്ടോയ്ക്ക് 2.8 ലക്ഷം രൂപയാണ് വില. ഇതില്‍ ഏകദേശം 30,000 രൂപയോളം സബ്സിഡി ലഭിക്കും.15ഓളം വണ്ടികളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറക്കുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം സുഗമമായി ഓടുമെന്നാണ് നിര്‍മാണഘട്ടത്തില്‍ കെ.എ.എല്‍. പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പരീക്ഷണഘട്ടത്തില്‍ ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 120 കിലോമീറ്റര്‍ ദൂരം വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

കാര്‍ബണ്‍ മലിനീകരണം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, കുലക്കവും ശബ്ദവും തീരെ കുറവായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. നിലവില്‍ കെ.എ.എല്‍. വഴി നേരിട്ടായിരിക്കും ഇ-ഓട്ടോകളുടെ വില്‍പ്പന. തുടര്‍ന്ന് വാഹനങ്ങളുടെ പ്രകടനം നിരീക്ഷിച്ച് ഡീലര്‍ഷിപ്പ് വഴി കൂടുതല്‍ ജില്ലകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കും.

Top