ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം:കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ എല്ലാ തൊഴിലാളികള്‍ക്കും ഉണ്ടെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍.

ഇതരസംസ്ഥാനതൊഴിലാളികള്‍ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുക്കും. കഞ്ചിക്കോട് 640 പാര്‍പ്പിട സമുച്ചയങ്ങള്‍ ഉണ്ട്. മറ്റ് ജില്ലകളിലേക്കും താമസ സൗകര്യം വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് ആവാസ് എന്ന പേരില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിപ്പെടുത്തും വിധം വിവിധ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശമായി വ്യാജ പ്രചരണം നടക്കുന്നതായാണ് കണ്ടെത്തല്‍.

കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍ വ്യാപകമായി ആക്രമണത്തിന് ഇരയാവുന്നുവെന്നാണു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടല്‍ ഉടമ പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന ശബ്ദ സന്ദേശമാണ് വ്യാപകം.

വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടേതടക്കമുള്ള ഫോട്ടോകള്‍ ഉപയോഗിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്തുന്നത്.

ബംഗാളിലെ മിഡ്‌നാപൂര്‍ എന്ന സ്ഥലത്താണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ കൂടുതലും പ്രചരിക്കുന്നത്.

ഭീതിപരത്തുന്ന വിധത്തിലുള്ള നോട്ടിസ് വിതരണവും ഇവിടെ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തില്‍ ജോലി ലഭിക്കാതിരുന്ന ഏതോ ഇതര സംസ്ഥാനക്കാരനാണ് ഇത്തരം സന്ദേശങ്ങള്‍ക്കു പിന്നിലെന്നാണ് സംശയിക്കുന്നത്.

Top