കേരളം എല്ലാവര്‍ക്കും സുരക്ഷിതം, ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ല: ബെഹ്‌റ

തിരുവനന്തപുരം: കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇവിടം എല്ലാവര്‍ക്കും സുരക്ഷിതമാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ഇവിടെ ഒരു ആക്രമണവും ആര്‍ക്കെതിരെയും ഉണ്ടാകുന്നില്ല. തെറ്റായ പ്രചാരണങ്ങളില്‍ ആരും കുടുങ്ങരുത്. ബോധവത്കരണത്തിനായി പൊലീസ് നേരിട്ടിറിങ്ങുമെന്നും ബെഹ്‌റ വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെ കേരളത്തില്‍ വ്യാപകമായി ആക്രമണം നടക്കുകയാണെന്ന വ്യാജ പ്രചാരണത്തോട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദിയിലും ബംഗാളിയിലും സംസാരിച്ച ഡിജിപി, ആക്രമണമുണ്ടാകില്ലെന്ന് ബംഗാളി തൊഴിലാളികള്‍ക്കു ഉറപ്പുനല്‍കുകയും ചെയ്തു. ബംഗാളികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അസത്യപ്രചരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിപ്പെടുത്തും വിധം വിവിധ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശമായി വ്യാജ പ്രചരണം നടക്കുന്നതായാണ് കണ്ടെത്തല്‍.

കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്ന ബംഗാളികള്‍ വ്യാപകമായി ആക്രമണത്തിന് ഇരയാവുന്നുവെന്നാണു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോഴിക്കോട് മിഠായി തെരുവിലെ ഹോട്ടല്‍ ഉടമ പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിതൂക്കിയെന്ന ശബ്ദ സന്ദേശമാണ് വ്യാപകം. വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം. ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടേതടക്കമുള്ള ഫോട്ടോകള്‍ ഉപയോഗിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്തുന്നത്. ബംഗാളിലെ മിഡ്‌നാപൂര്‍ എന്ന സ്ഥലത്താണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ കൂടുതലും പ്രചരിക്കുന്നത്.

ഭീതിപരത്തുന്ന വിധത്തിലുള്ള നോട്ടിസ് വിതരണവും ഇവിടെ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തില്‍ ജോലി ലഭിക്കാതിരുന്ന ഏതോ ഇതര സംസ്ഥാനക്കാരനാണ് ഇത്തരം സന്ദേശങ്ങള്‍ക്കു പിന്നിലെന്നാണ് സംശയിക്കുന്നത്.

Top