വിജയ് ഹസാരെ ട്രോഫി പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് റെക്കോര്‍ഡ് സ്‌കോര്‍

വിജയ് ഹസാരെ ട്രോഫി പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് റെക്കോര്‍ഡ് സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സ് നേടി. ഇന്ത്യക്കായി രണ്ട് ഓപ്പണര്‍മാരും സെഞ്ചുറി നേടി. 136 പന്തില്‍ 144 റണ്‍സ് നേടിയ കൃഷ്ണപ്രസാദ് ആണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ 95 പന്തില്‍ 120 റണ്‍സ് നേടി പുറത്തായി. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്.

അവസാന ഓവറുകളില്‍ തുടര്‍ ബൗണ്ടറികളുമായി തിളങ്ങിയ വിഷ്ണു വിനോദും അബ്ദുല്‍ ബാസിത്തും ചേര്‍ന്നാണ് കേരളത്തെ 350 കടത്തിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 64 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 23 പന്തില്‍ 43 റണ്‍സ് നേടിയ വിഷ്ണു 49ആം ഓവറിലെ അവസാന പന്തില്‍ പുറത്തായി. 18 പന്തില്‍ 35 റണ്‍സ് നേടിയ അബ്ദുല്‍ ബാസിത്ത് നോട്ടൗട്ടാണ്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കേരളം ശ്രദ്ധാപൂര്‍വമാണ് തുടങ്ങിയത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ മഹാരാഷ്ട്ര ബൗളര്‍മാര്‍ കേരള ഓപ്പണര്‍മാരെ നിയന്ത്രിച്ചുനിര്‍ത്തി. വിക്കറ്റ് കളയാതെ പിടിച്ചുനിന്ന സഖ്യം വൈകാതെ ബൗണ്ടറികള്‍ കണ്ടെത്താന്‍ തുടങ്ങി. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഫിഫ്റ്റി പോലുമില്ലാതിരുന്ന രോഹനെ ഒരുവശത്ത് നിര്‍ത്തി കൃഷ്ണ പ്രസാദ് ആണ് ആദ്യ ഘട്ടത്തില്‍ സ്‌കോര്‍ ഉയര്‍ത്തിയത്. സാവധാനം രോഹനും ഫോമിലേക്കെത്തിയതോടെ കേരളം കുതിച്ചു. ഫിഫ്റ്റിക്ക് പിന്നാലെ ആക്രമണ മോഡിലേക്ക് മാറിയ രോഹന്‍ സീസണിലെ ആദ്യ സെഞ്ചുറി തികച്ചു. വൈകാതെ കൃഷ്ണ പ്രസാദ് തന്റെ ലിസ്റ്റ് എ കരിയറിലെ ആദ്യ സെഞ്ചുറിയും കണ്ടെത്തി. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രോഹന്‍ അസിം കാസിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ആദ്യ വിക്കറ്റില്‍ 218 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടൊരുക്കിയ ശേഷമാണ് രോഹന്‍ മടങ്ങിയത്.

 

Top