കേരളം വാക്‌സിന്‍ വിതരണത്തിന് സുസജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളം വാക്‌സിന്‍ വിതരണത്തിന് സുസജ്ജമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ശീതീകരണ സംവിധാനം അടക്കം ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. വാക്‌സിന്‍ വിതരണത്തില്‍ കേരളത്തിന് മുന്‍ഗണന കിട്ടണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രിയിലെത്തി കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടപടികള്‍ വിലയിരുത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്തുക. രാവിലെ 9 മുതല്‍ 11 വരെയാണ് ഡ്രൈ റണ്‍.

തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കാമൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.

ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. എല്ലാ സ്ഥലങ്ങളിലും വാക്‌സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

Top