ഉയര്‍ന്ന ഇന്ധനവിലയില്‍ കേരളത്തിന് ആറാം സ്ഥാനം; 13 സംസ്ഥാനങ്ങളില്‍ 10 രൂപയുടെ വ്യത്യാസം

fuel

തിരുവനന്തപുരം: രാജ്യത്തെ 23 സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചതോടെ ഉയര്‍ന്ന ഇന്ധനവിലയുള്ള സംസ്ഥാനങ്ങളില്‍ ആറാമതായി കേരളത്തിന്റെ സ്ഥാനം. ഇന്ധന നികുതി കുറയ്ക്കാന്‍ ഇതുവരെ തയാറാകാത്ത രാജസ്ഥാന്‍ (പെട്രോള്‍ 111.06 രൂപ, ഡീസല്‍ 95.67 രൂപ), മഹാരാഷ്ട്ര (109.98, 94.14), ആന്ധ്ര (109.46, 96.77), തെലങ്കാന (108.20, 94.62), മധ്യപ്രദേശ് (107.23, 90.87) എന്നീ സംസ്ഥാനങ്ങളാണ് കൂടിയ ഇന്ധനവിലയില്‍ കേരളത്തിനു മുന്നില്‍ നില്‍ക്കുന്നത്.

രാജ്യത്ത് ഇന്ധന വില ഏറ്റവും കുറവ് ഇപ്പോള്‍ ആന്‍ഡമാനിലാണ്. പെട്രോളിന് 82.96 രൂപയും ഡീസലിന് 77.13 രൂപയുമാണ് ആന്‍ഡമാനിലെ വില. കേരളത്തെക്കാള്‍ യഥാക്രമം 23.40 രൂപയും 16.34 രൂപയും കുറവ്. അരുണാചല്‍ പ്രദേശില്‍ പെട്രോളിന് 14.58 രൂപയും ഡീസലിന് 14.03 രൂപയും പുതുച്ചേരിയിലെ മാഹിയില്‍ പെട്രോളിന് 13.84 രൂപയും ഡീസലിന് 12.53 രൂപയുമാണ് കേരളത്തെക്കാള്‍ കുറവ്.

ആകെ 13 സംസ്ഥാനങ്ങളിലാണ് കേരളത്തെക്കാള്‍ 10 രൂപയിലേറെ പെട്രോളിനു വിലക്കുറവുള്ളത്. ഡീസലിന് 10 രൂപയിലേറെ വിലക്കുറവുള്ളത് 10 സംസ്ഥാനങ്ങളിലും. കേന്ദ്രം ഇനിയും നികുതി കുറയ്ക്കണമെന്നും തങ്ങള്‍ കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് ഇന്ധനത്തിന് ഏറ്റവും വിലയുള്ള സംസ്ഥാനങ്ങളുടെ നിലപാട്.

ജൂലൈയില്‍ 1.24 രൂപ പെട്രോളിനും 0.93 രൂപ ഡീസലിനും ആന്ധ്ര വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പുറമേ കേരളത്തിനു സമാനമായി ലീറ്ററിന് ഒരു രൂപ വീതം റോഡ് സെസ് ഇനത്തിലും പിരിച്ചുതുടങ്ങി. ഒരു ലീറ്റര്‍ ഇന്ധനത്തിന് 4 രൂപ അധിക നികുതിയും പിരിക്കുന്നു.

Top