ചക്രവാതചുഴി രൂപമെടുത്തു; അടുത്ത മൂന്നു ദിവസം ഇടിയോടു കൂടി അതിശക്തമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം വ്യാപകമഴയ്ക്ക് സാധ്യത. തെക്കന്‍ തമിഴ്‌നാട് തീരത്തിനടുത്ത് ചക്രവാതചുഴി രൂപമെടുത്തതിനെ തുടര്‍ന്ന് നാളെ അതിശക്തമഴയ്ക്ക് സാധ്യതയുണ്ട്.

ഇരുപത്തിനാലാം തീയതി വരെ സംസ്ഥാനത്ത് വ്യാപകമായ മഴയായിരിക്കും. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ തെക്കന്‍ തീരത്തിന് സമീപം ചക്രവാതചുഴി രൂപമെടുത്തതോടെയാണ് സംസ്ഥാനത്ത് മഴ കനക്കാനുള്ള സാഹചര്യം വീണ്ടും ഉടലെടുത്തത്.

മൂന്നു ദിവസം വരെ ഇതിന്റെ സ്വാധീനം കേരളത്തില്‍ അനുഭവപ്പെടും. എല്ലാ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ മഴ പെയ്തിറങ്ങാനുള്ള സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, മലപ്പുറം, പാലക്കാട് കോഴിക്കോട്, വയനാട് ജില്ലകളുടെ മലയോര പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

Top