തുലാവർഷത്തിനു മുന്നോടിയായി തകർത്തു പെയ്ത് മഴ; ഇടിമിന്നലിന് എതിരെ ജാഗ്രത

തുലാവർഷത്തിനു മുന്നോടിയായി തകർത്തു പെയ്യുന്ന മഴയുടെ കുളിരിൽ തെക്കൻ കേരളം. പത്തനംതിട്ട, കോട്ടയം ഉൾപ്പെടെ തെക്കൻ ജില്ലകളിലാണു മഴ കനത്തു പെയ്യുന്നത്. ഒക്ടോബർ ഒന്നു മുതൽ ഇന്നലെ വരെയുള്ള കാലയളവിൽ 14 സെന്റിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു പത്തനംതിട്ട ജില്ലയിൽ 23 സെന്റിമീറ്റർ മഴ ലഭിച്ചു. ഇത് 57% അധികമാണെന്നു കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

പത്തനംതിട്ടയേക്കാൾ ഈ രണ്ടാഴ്ച അധികമഴ ലഭിച്ചതു തിരുവനന്തപുരം ജില്ലയിൽ മാത്രമാണ്. 11 സെന്റിമീറ്റർ ലഭിക്കേണ്ട സ്ഥാനത്തു 18 സെന്റിമീറ്റർ കിട്ടി. സംസ്ഥാനത്തും ഇന്നലെ വരെ 2% അധികമഴ കിട്ടിയതായി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഉച്ചകഴിഞ്ഞ് ഇടിയോടു കൂടിയുള്ള മഴ 17 വരെ ലഭിക്കുമെന്നാണു കരുതപ്പെടുന്നത്. അതിനുശേഷം ഏതാനും ദിവസം മഴ കുറയും. തുടർന്നു തുലാമഴയ്ക്കു കളമൊരുങ്ങും. തെക്കൻ തമിഴ്നാടിനും കേരളത്തിനും മീതേ നിലനിൽക്കുന്ന ന്യൂനമർദപ്പാത്തിയുടെ ഫലമായാണ് ഇപ്പോഴത്തെ മഴ.

കാലവർഷത്തിനു തിരശീലയിട്ടു തുലാമഴ രംഗപ്രവേശം ചെയ്യുന്ന വേളയാണിത്. ഒക്ടോബർ പകുതിയോടെ സംസ്ഥാനത്ത് തുലാമഴ എത്തുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) കണക്കാക്കുന്നത്. തമിഴ്നാട്ടിലും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തുലാമഴയിലാണ് ആകെ മഴയുടെ പകുതിയിലേറെയും കിട്ടുന്നത്.

Top