സംസ്ഥാനത്ത് പത്താം തിയതി മുതൽ മഴ തിരിച്ച് എത്തിയേക്കും; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒക്ടോബർ ആദ്യ ദിവസങ്ങളിലെ പെരുമഴ തോർന്നതോടെ കേരളമാകെ കൊടും ചൂടിന്റെ പിടിയിലേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്ത് ഒറ്റയടിക്ക് 6 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നിരിക്കുന്നത്. എന്നാൽ കൊടും ചൂടിൽ വലയുന്ന കേരള ജനതയ്ക്ക് ആശ്വാസമേകുന്നതാണ് ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. ഇന്നും നാളെയും മറ്റന്നാളും ഒരുജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നുമില്ലെങ്കിലും പത്താം തിയതി മഴ ശക്തമായേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന.

പത്താം തിയതി 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അന്നേ ദിവസം യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. പതിനൊന്നാം തിയതി 2 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് പതിനൊന്നിന് കൂടുതൽ മഴ സാധ്യത. ഈ രണ്ട് ദിവസവും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
10-10-2023 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
11-10-2023 : എറണാകുളം, ഇടുക്കി
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Top