സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ചവരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകള്‍-

ഞായറാഴ്ച- കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
ബുധനാഴ്ച- പത്തനംതിട്ട, ഇടുക്കി
വ്യാഴാഴ്ച- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഞായറാഴ്ച ഇടുക്കി ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്ത് ഞായറാഴ്ച മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 40-50 കിലോമീറ്ററും ചിലഅവസരങ്ങളില്‍ 60 കിലോമീറ്ററും വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ആരും കടലില്‍ പോകരുത്. കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിലവില്‍ തടസ്സമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിര്‍ദേശം- 10-04-2022 മുതല്‍ 11-04-2022 വരെ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍ തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്ററും ചിലഅവസരങ്ങളില്‍ 60 കിലോമീറ്ററും വരെ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍ പറഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Top