സംസ്ഥാനത്ത് പൊതുമരാമത്ത് പണികൾ അനിശ്ചിതത്വത്തിൽ ; കരാർ ഏറ്റെടുക്കാനാളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കരാർ ഏറ്റെടുക്കാനാളില്ലാതെ പൊതുമരാമത്ത് പണികൾ പ്രതിസന്ധിയിൽ.

മഴക്കാലത്തിന് മുന്നോടിയായി റോഡ് അറ്റകുറ്റപ്പണിക്ക് വകയിരുത്തിയത് 300 കോടി രൂപയാണ്.

ഇതിൽ വെറും പത്ത് ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്.

തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ 80 ശതമാനം പണിയാണ് ഏറ്റെടുക്കാനാളില്ലാതെ കിടക്കുന്നത്

റോഡിലെ കുഴിയടക്കലും അറ്റകുറ്റപ്പണിയും യുദ്ധകാലാടിസ്ഥാനത്തിൽ തീര്‍ക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ ഉത്തരവ്.

എന്നാൽ റോഡിലെ കുഴിയേക്കാൾ അപകടം ജിഎസ്ടി കുരുക്കാണെന്ന നിലപാടിലാണ് കരാറുകാർ. റോഡ് പണിക്ക് ഉണ്ടായിരുന്ന നാല് ശതമാനം കോന്പൗണ്ടിംഗ് നികുതി ജിഎസ്ടി വന്നതോടെ 12 മുതൽ 18 ശതമാനം വരെയായി ഉയര്‍ന്നു.

നിര്‍മ്മാണ സാമഗ്രികളുടെ വിലക്കൂടുതലും ക്ഷാമവും കാരണം പണിഏറ്റെടുത്താൽ മുതലാകില്ലെന്ന നിലപാടിലേക്ക് കരാറുകാര് മാറി.

തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ മാത്രം 3000ത്തോളം കരാറുകാരാണ് നിസ്സഹകരണത്തിലേക്ക് നീങ്ങിയത്. ഡിസംബറിൽ തീര്‍ക്കേണ്ട 60 ശതമാനം പണിയിൽ ഇതുവരെ തീര്‍ന്നത് 20 ശതമാനം മാത്രം.

വലുതും ചെറുതുമായി 5000ത്തോളം പൊതുമരാമത്ത് കരാറുകാരും പണിയേറ്റെടുക്കാനോ ഏറ്റെടുത്ത പണി പൂര്‍ത്തിയാക്കാനോ തയ്യാറാകുന്നില്ല

ജിഎസ്ടി ഏകീകരണത്തിന് നടപടി ആവശ്യപ്പെട്ട് കരാറുകാരുടെ വിവിധ സംഘടനകൾ ദേശീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

മഴക്കാലത്തിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണി പോലും സമയത്ത് നടക്കാതെ റോഡ് പണി അവതാളത്തിലായതോടെ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുന്നറിയിപ്പ് നൽകി .

നാല് ശതമാനത്തിൽ കൂടുതലുള്ള നികുതി കരാര്‍തുകയിൽ ഉൾപ്പെടുത്തുന്നതടക്കം നിര്‍ദ്ദേശങ്ങൾ ചൊവ്വാഴ്ച ധനമന്ത്രി വിളിച്ച പ്രശ്ന പരിഹാരയോഗത്തിൽ ചര്‍ച്ചയാകും.

Top