കേരള പ്രീമിയര്‍ ലീഗ്; ബ്ലാസ്റ്റേഴ്‌സ് ഇന്ന് എസ് ബി ഐയെ നേരിടും

കേരള പ്രീമിയര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എസ് ബി ഐയെ നേരിടും. ഗ്രൂപ്പ് എ വിഭാഗത്തില്‍ നടക്കുന്ന മത്സരം എസ് ബി ഐയുടെ ഹോം ഗ്രൗണ്ടായ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ എഫ് സി കൊച്ചിയെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ഫോമിലേക്ക് തിരികെയെത്തിയിരുന്നു. എഫ് സി കൊച്ചിക്കെതിരെ ഇരട്ട ഗോളുകള്‍ നേടിയ യുവതാരം അഫ്ദാലിന്റെ ഫോമിലാകും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ.

രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഉള്ളത്. എതിരാളികളായ എസ് ബി ഐ ലീഗില്‍ ഇതുവരെ ജയം സ്വന്തമാക്കിയില്ല. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു പരാജയവും രണ്ട് സമനിലയുമാണ് ടീമിന്റെ. സമ്പാദ്യം. ഇന്ന് ആദ്യ ജയം നേടാന്‍ കഴിയും എന്നാകും എസ് ബി ഐയുടെ പ്രതീക്ഷ.

ഗ്രൂപ്പ് എയില്‍ ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ സാറ്റ് തിരൂര്‍ എഫ് സി തൃശ്ശൂരിനെ നേരിടും. തിരൂരില്‍ വെച്ചാകും മത്സരം നടക്കുക. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നല്ല തുടക്കമാണ് സാറ്റിന് ലീഗില്‍ ലഭിച്ചിരിക്കുന്നത്. മറുവശത്തുള്ള എഫ് സി തൃശ്ശൂരിന് ഇത് ലീഗിലെ ആദ്യ മത്സരമാണ്. രണ്ട് മത്സരങ്ങളും വൈകിട്ട് 3.30നാണ് ആരംഭിക്കുക.

Top