ആര് നേടുമെന്ന് ആർക്കും നിശ്ചയമില്ല, അടിയൊഴുക്കുകളിൽ ഞെട്ടി നേതാക്കൾ

സംസ്ഥാനത്ത് വോട്ടെടുപ്പ് പൂര്‍ത്തിയാവുമ്പോള്‍ ശക്തമായ അടിയൊഴുക്കാണ് മിക്ക മണ്ഡലങ്ങളിലും ദൃശ്യമായിരിക്കുന്നത്. പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ് ശക്തമായ ത്രികോണ മത്സരം നടക്കുന്നത്. ഇവിടങ്ങളിലെ വോട്ടിങ്ങ് ശതമാനത്തില്‍ മൂന്ന് മുന്നണികളും പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്.

ഉച്ചക്ക് മുന്‍പ് തന്നെ തങ്ങളുടെ വോട്ടുകള്‍ പരമാവധി പോള്‍ ചെയ്യിക്കാന്‍ സി.പി.എമ്മും ബിജെപിയും ശ്രമിച്ചിരുന്നു.

ശബരിമല വിഷയം ഈ മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. എന്നാല്‍ അവസാന റൗണ്ടില്‍ കോണ്‍ഗ്രസ്സിനെ പിന്തള്ളി ബി.ജെ.പി – ഇടതുപക്ഷ മത്സരമാക്കി പത്തനംതിട്ടയെയും തിരുവനന്തപുരത്തെയും മാറ്റിയതായാണ് സി.പി.എം നേതൃത്വം പറയുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ കൂടി പിന്തുണയില്‍ ഈ മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടാനാകുമെന്നാണ് ചെമ്പടയുടെ പ്രതീക്ഷ.

തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ വിജയിക്കുമെന്നും തൃശൂരിലും പാലക്കാട്ടും ഞെട്ടിക്കുന്ന വോട്ട് സമാഹരണം നടത്തുമെന്നുമാണ് ബി.ജെ.പി നേത്യത്വം ചൂണ്ടിക്കാട്ടുന്നത്. അതേസമയം, വടകര ഉള്‍പ്പെടെയുള്ള ചില മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യം ഉണ്ടായതായി സി.പി.എം ആരോപിക്കുന്നുണ്ട്. എങ്കിലും വടകര ഉള്‍പ്പെടെ ചെങ്കൊടി പാറുമെന്ന കാര്യത്തില്‍ അണികള്‍ക്കും നേതാക്കള്‍ക്കും ഒരു സംശയവുമില്ല.

അതേസമയം, കാസര്‍ഗോഡ്, കണ്ണൂര്‍, വടകര, വയനാട്, മലപ്പുറം, പൊന്നാനി, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം, കോട്ടയം, പത്തനംതിട്ട, മാവേലിക്കര , ആലപ്പുഴ മണ്ഡലങ്ങളില്‍ ഉറപ്പായും വിജയിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം മണ്ഡലങ്ങളില്‍ വിജയസാധ്യത ഉണ്ടെന്നും അവര്‍ പറയുന്നു.

14 സീറ്റില്‍ വിജയം യു.ഡി.എഫ് അവകാശപ്പെടുമ്പോള്‍ ചരിത്ര മുന്നേറ്റമാണ് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നത്. രണ്ട് മുന്നണികളെയും ഞെട്ടിച്ച് രണ്ട് സ്ഥലത്ത് താമര വിരിയുമെന്ന് ബി.ജെ.പിയും പറയുന്നു. വോട്ട് പെട്ടിയിലായിട്ടും ആത്മവിശ്വാസത്തിന് ഒരു മുന്നണിക്കും കുറവില്ല.

അവസാന ഘട്ട പ്രചരണത്തില്‍ മേല്‍ക്കോയ്മ ലഭിച്ചതാണ് ഇടതുപക്ഷ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം. പിണറായി സര്‍ക്കാറിന്റെ ഭരണവും സംഘപരിവാറിനെ ശക്തമായി നേരിടുന്ന കരുത്തിനുള്ള വോട്ടിലുമാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.

ശബരിമല എന്ന ഒറ്റ വിഷയത്തില്‍ ഉണ്ടാകുന്ന സാമുദായിക ഏകീകരണമാണ് ബി.ജെ.പിയുടെ പ്രതീക്ഷക്ക് അടിസ്ഥാനം. നവാഗത വോട്ടര്‍മാരും സ്ത്രീകളുമാണ് ഓരോ മണ്ഡലത്തിലെയും വിധിയില്‍ നിര്‍ണ്ണായകമാകുക. സ്ത്രീ വോട്ടര്‍മാരെ ലഷ്യമിട്ട് പ്രത്യേക കുടുംബയോഗങ്ങള്‍ തന്നെ മുന്ന് മുന്നണികളും വ്യാപകമായി സംഘടിപ്പിച്ചിരുന്നു.

പെട്ടിയില്‍ കിടക്കുന്ന വോട്ടിനെ ചൊല്ലി തര്‍ക്കങ്ങളും അവകാശവാദങ്ങളും സംവാദങ്ങളും കൊഴുക്കുന്ന കാഴ്ചയാണ് എങ്ങും ദൃശ്യമാകുന്നത്.

വിധി എന്തു തന്നെ ആയാലും അത് കേരള രാഷ്ട്രിയത്തിന്റെ ഗതിയെ തന്നെ മാറ്റിമറിക്കും. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പ് വിധിയെഴുത്തിന്റെ സൂചനയായും ലോക്‌സഭാ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടും.

മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ പ്രചരണ രംഗത്ത് മേധാവിത്വം പുലര്‍ത്തിയ തിരഞ്ഞെടുപ്പ് കൂടിയാണിത്.

വിജയ പരാജയങ്ങള്‍ കോണ്‍ഗ്രസ്സ്, സി.പി.എം, ബി.ജെ.പി പാര്‍ട്ടി നേതൃത്വങ്ങളില്‍ സമൂലമായ അഴിച്ച് പണിക്കും വഴി ഒരുക്കും.

political reporter

Top