പുനസംഘടനാ ലിസ്റ്റില്‍ ക്രിമിനലുകള്‍; ഇടഞ്ഞ് മുല്ലപ്പള്ളി, തിരുത്താന്‍ തയ്യാറാകാതെ ഗ്രൂപ്പുകള്‍

Mullapally Ramachandran

ന്യൂഡല്‍ഹി: പുനസംഘടനാ ചര്‍ച്ചകള്‍ ക്ലൈമാക്‌സിലേക്ക് കടക്കുമ്പോഴും പട്ടികയില്‍ തൃപ്തനാകാതെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പട്ടികയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കടന്ന് കൂടിയിട്ടുണ്ടെന്നും അവരെ മാറ്റണമെന്നും മുല്ലപ്പള്ളി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ലിസ്റ്റില്‍ മാറ്റം വരുത്താന്‍ ഗ്രൂപ്പ് നേതാക്കള്‍ തയ്യാറായിട്ടില്ലെന്നാണ് വിവരം. മുല്ലപ്പള്ളി ഈ വിവരം ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ തയ്യാറാക്കിയ ഭാരവാഹി ലിസ്റ്റിലാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ കടന്ന് കൂടിയിരിക്കുന്നത്. എ, ഐ ഗ്രൂപ്പ് നേതാക്കളുമായി അടുപ്പമുള്ളവരാണ് പട്ടികയില്‍ കടന്ന് കൂടിയത് എന്നത് കൊണ്ട് തന്നെ ഇവരെ മാറ്റാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചാല്‍ പോലും നേതാക്കള്‍ വഴങ്ങാത്ത അവസ്ഥയാണ്.

നിലവില്‍ തയ്യാറാക്കിയ ജംബോ ലിസ്റ്റില്‍ ഹൈക്കമാന്റും തൃപ്തരല്ല. 25 പേരുടെ പട്ടികയുമായാണ് മുല്ലപ്പള്ളി പോയതെങ്കിലും ഗ്രൂപ്പ് നേതാക്കള്‍ ഇടപെട്ട് പട്ടികയില്‍ തിരുത്തല്‍ വരുത്തി. ഒരാള്‍ക്ക് ഒറ്റപ്പദവി അടക്കമുള്ള കാര്യങ്ങളിലും ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദം തുടരുകയാണ്.

Top