ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിയ്ക്കും പുതിയ വെല്ലുവിളി ഉയർത്തി കെ.സി . . !

ടുത്ത മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കെ.സി വേണുഗോപാലിന്റെ കരുനീക്കം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യം. ഈ അജണ്ട മുന്‍ നിര്‍ത്തിയാണ് അദ്ദേഹം ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനാണെന്നതാണ് കെ.സിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.

മുഖ്യമന്ത്രി കസേരക്കായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൊമ്പ് കോര്‍ക്കുമ്പോള്‍ സമവായ സ്ഥാനാര്‍ത്ഥിയായി രംഗപ്രവേശം ചെയ്യാമെന്നതാണ് കെ.സിയുടെ കണക്ക് കൂട്ടല്‍.

കേരളത്തില്‍ സ്വന്തം അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായി ഐ വിഭാഗത്തിലെ ഒരു വിഭാഗത്തെ ഇപ്പോള്‍ തന്നെ കെ.സി തന്റെ കൂടെ നിര്‍ത്തിയിട്ടുണ്ട്. ചെന്നിത്തലയെ സംബന്ധിച്ച് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ് ഈ കരുനീക്കം.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ നില കൂടുതല്‍ പരുങ്ങലിലായതാണ് കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കെ.സി വേണുഗോപാലിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

ചുമതലയുണ്ടായിരുന്ന കര്‍ണ്ണാടക ഭരണം വീണതോടെ ദേശീയ നേതാക്കളില്‍ പ്രധാനികളും നിലവില്‍ വേണുഗോപാലിന് എതിരാണ്.

സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം എത്രനാള്‍ എന്ന ചോദ്യവും അതു കൊണ്ട് തന്നെ കെ.സിക്ക് മുന്നിലുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍.

നെഹ്‌റു കുടുംബത്തില്‍ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായുമാണ് കെ.സി വേണുഗോപാലിന് ഏറെ അടുപ്പമുള്ളത്. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി സംഘടനാ ചുമതല കെ.സിക്ക് കൈമാറിയത് തന്നെ രാഹുല്‍ പ്രത്യേക താല്‍പ്പര്യമെടുത്തിട്ടായിരുന്നു.

അതേസമയം രാഹുല്‍ അദ്ധ്യക്ഷ പദവി ഒഴിഞ്ഞ് സോണിയ ഗാന്ധി പകരം ചുമതലയേറ്റതോടെ കെ.സിക്കെതിരായ നീക്കങ്ങളും ശക്തമായിട്ടുണ്ട്.

ഉത്തരേന്ത്യക്കാരന്‍ സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വരണമെന്നതാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം.

ഒന്ന് ആഞ്ഞ് ശ്രമിച്ചിരുന്നെങ്കില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ഭരണം പിടിക്കാന്‍ കഴിയുമായിരുന്നു എന്നാണ് ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

നെഹ്‌റു കുടുംബത്തെ വിമര്‍ശിക്കാന്‍ നാവ് പൊങ്ങാത്ത നേതാക്കന്‍മാരെല്ലാം ബലിയാടാക്കാന്‍ ശ്രമിക്കുന്നതും കെ.സി വേണുഗോപാലിനെ തന്നെയാണ്.

എന്നാല്‍ ഈ പ്രതികൂല സാഹചര്യം കേരളത്തിലേക്കുള്ള തന്റെ മടങ്ങിവരവാക്കി മാറ്റാനാണ് കെ.സി ഇപ്പോള്‍ ശ്രമിക്കുന്നത്. കേരള നിയമസഭ തിരഞ്ഞെടുപ്പ് വരെ ഡല്‍ഹിയില്‍ പിടിച്ച് നിന്ന് പിന്നീട് കളം മാറാനാണ് തീരുമാനം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടാന്‍ സാധ്യത വളരെ കുറവാണ്. ഇത്തരമൊരു സാഹസത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്റും തയ്യാറാവുകയില്ല.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന കാര്യവും ഏകദേശം ഉറപ്പാണ്. ഇവര്‍ക്ക് പുറമെ പി.ജെ കുര്യനും കെ.വി തോമസുമെല്ലാം മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരുമാണ്. ഇവരുടെ പട്ടികയിലേക്കാണ് കെ.സി വേണുഗോപാലും കടന്നുവരുന്നത്.

ഈ സ്ഥാനമോഹികളെല്ലാം ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി കസേരയാണെന്നന്നതാണ് ഏറെ രസകരം.

കയ്യിലിരുന്ന ഉരുക്ക് കോട്ടകള്‍ നിലം പൊത്തിയിട്ടും ഭരണമാറ്റം ഉണ്ടാകുമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുള്ളത്.

ഐ ഗ്രൂപ്പിന്റെ കയ്യിലിരുന്ന വട്ടിയൂര്‍ക്കാവും കോന്നിയും നഷ്ടമായത് രമേശ് ചെന്നിത്തലക്കാണിപ്പോള്‍ ഏറെ തിരിച്ചടിയായിരിക്കുന്നത്.

അരൂരില്‍ ഷാനിമോള്‍ വിജയിച്ചതാകട്ടെ ‘ഐ’ അക്കൗണ്ടില്‍ മാത്രം ഒതുങ്ങുന്നതുമല്ല. ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശക്തമായി ഇടപെട്ടിരുന്നത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ലോകസഭ തിരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെ മണ്ഡലത്തില്‍ തിരിച്ചടി നേരിട്ടതോടെ ‘ഐ’ ഗ്രൂപ്പിനോട് മാനസികമായി തന്നെ ഷാനിമോള്‍ അകന്നിരുന്നു. ഈ ഭിന്നത ഉപയോഗപ്പെടുത്താന്‍ ‘എ’ ഗ്രൂപ്പ് ഉപതിരഞ്ഞെടുപ്പില്‍ ഏറെ സജീവമായാണ് പ്രവര്‍ത്തിച്ചിരുന്നത്.

കോണ്‍ഗ്രസ്സിന്റെ കോട്ടയായി അറിയപ്പെടുന്ന എറണാകുളത്ത് ഭൂരിപക്ഷം കുത്തനെ കുറഞ്ഞതും ‘ഐ’ ഗ്രൂപ്പിന് തിരിച്ചടിയായിട്ടുണ്ട്. മേയറെ മാറ്റിയത് കൊണ്ടൊന്നും തിരിച്ചടിക്ക് പരിഹാരമാകില്ലന്നതും വ്യക്തമാണ്.

2021 ചെന്നിത്തലയെ സംബന്ധിച്ച് അതി നിര്‍ണ്ണായകമാണ്. ഇത്തവണ മുഖ്യമന്ത്രിയാവാന്‍ പറ്റിയില്ലങ്കില്‍ ഇനി ഒരിക്കലും ആ സ്വപ്നം നടക്കുകയുമില്ല.

ഉമ്മന്‍ ചാണ്ടിക്കും അവസാന ഊഴമാണ്. ഇത്തവണയില്ലങ്കില്‍ ഇനി ഒരവസരം അദ്ദേഹത്തിനും ഉണ്ടാകില്ല. ഈ രണ്ട് നേതാക്കളുടെയും പിടിവലിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് മറ്റു സ്ഥാനമോഹികളുടെയും കാത്തിരിപ്പ്.

രാഹുലിന്റെ പിന്തുണയാണ് കെ.സി വേണുഗോപാല്‍ പ്രധാനമായും പ്രതീക്ഷിക്കുന്നത്. യുവ രക്തം വരട്ടെയെന്ന് തീരുമാനിച്ചാല്‍ അത് കെ.സിക്കാണ് തുണയാകുക.

എന്നാല്‍ കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രിയത്തില്‍ ഈ നിലപാടിന് എത്രമാത്രം സ്വീകാര്യത ലഭിക്കുമെന്നത് കണ്ടു തന്നെ അറിയണം. മറ്റു നേതാക്കളുടെയെല്ലാം പ്രതീക്ഷ സോണിയ ഗാന്ധിയില്‍ കേന്ദ്രീകരിച്ചാണുള്ളത്.

അധികാരം കിട്ടുമെന്ന് ഒരുറപ്പും ഇല്ലാത്ത സാഹചര്യത്തിലും മോഹങ്ങള്‍ക്ക് കോണ്‍ഗ്രസ്സില്‍ ഒരു കുറവുമില്ലാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത്.

ഇക്കാര്യത്തില്‍ വലിയ ആശങ്കയുള്ളത് മുസ്ലീം ലീഗിനാണ്. 2021ല്‍ അധികാരത്തില്‍ വരാന്‍ കഴിഞ്ഞില്ലങ്കില്‍ ലീഗും പ്രതിസന്ധിയിലാകും. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഒരു പിളര്‍പ്പ് തന്നെ മുസ്ലിംലീഗ് നേതൃത്വവും പ്രതിക്ഷിക്കുന്നുണ്ട്.

സംഘടനാപരമായി കോണ്‍ഗ്രസ്സിന്റെ അടിത്തറ തകര്‍ന്നതാണ് ലീഗിനെ ആശങ്കപ്പെടുത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല പരാജയമാണെന്ന വിലയിരുത്തലും ലീഗിനുണ്ട്.

ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയായി കാണാനാണ് ലീഗ് നേതൃത്വം ആഗ്രഹിക്കുന്നത്. കേരള കോണ്‍ഗ്രസ്സിലെ രണ്ട് വിഭാഗങ്ങളാകട്ടെ ഇക്കാര്യത്തിലും രണ്ട് നിലപാടിലാണ്. തൂക്കം ആര്‍ക്കെന്ന് നോക്കി നിലപാട് സ്വീകരിക്കാനായിരിക്കും അവരും തയ്യാറാവുക.

എം.എല്‍.എമാരുടെ എണ്ണമാണ് മുഖ്യമന്ത്രി സ്ഥാനമോഹികള്‍ക്ക് നിര്‍ണ്ണായകമാകുക. പരമാവധി എം.എല്‍.എമാരെ തങ്ങളുടെ ഗ്രൂപ്പിന് കിട്ടണമെന്നതാണ് എ, ഐ ഗ്രൂപ്പുകള്‍ ആഗ്രഹിക്കുന്നത്. ഉമ്മന്‍ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും വേണ്ടിയാണ് ഈ ചരടുവലികള്‍. ഈ വാശി വോട്ടെടുപ്പിലും പ്രതിഫലിച്ചാല്‍ ‘പാലം വലി’യും ഉറപ്പാണ്.

ഗ്രൂപ്പുകള്‍ക്കും ‘മീതെ’ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്റ് ഒരു തീരുമാനമെടുക്കുമെന്ന പ്രതീക്ഷയാണ് മറ്റു സ്ഥാനമോഹികളെയും മുന്നോട്ട് നയിക്കുന്നത്.

കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍തന്നെ മുഖ്യമന്ത്രി പദം സ്വപ്നം കാണുമ്പോള്‍, ഉള്ള ഭരണം നില നിര്‍ത്താനാണ് ഇടതുപക്ഷം
നിലവില്‍ ശ്രമിക്കുന്നത്. സി.പി.എമ്മിന്റെ സംഘടനാപരമായ കരുത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷമുഴുവന്‍.

പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ട് സമാഹരിക്കാനാണ് അവരുടെ തീരുമാനം. ഉടന്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് മുന്നണി തന്നെ ശിഥിലമാകുമെന്നാണ് സി.പി.എം നേതൃത്വം കണക്ക് കൂട്ടുന്നത്.

ഉപതിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയമാണ് ചെമ്പടയുടെ ആത്മവിശ്വാസം വലിയ തോതിലിപ്പോള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

Political Reporter

Top