പിണറായി ഭരണ തുടർച്ചക്ക് സാധ്യത ? വെട്ടിലായത് യു.ഡി.എഫും ബി.ജെ.പിയും

പിണറായി സര്‍ക്കാറിന് ഭരണ തുടര്‍ച്ചക്കുള്ള എല്ലാ സാധ്യതയും വര്‍ദ്ധിപ്പിക്കുന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം.

യു.ഡി.എഫ് കഴിഞ്ഞ 23 വര്‍ഷമായി കുത്തകയാക്കിവച്ച കോന്നി മണ്ഡലം 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷം പിടിച്ചെടുത്തിരിക്കുന്നത്.

എന്‍.എസ്.എസ് പരസ്യമായി ചുവപ്പിനെ പിടിച്ച്കെട്ടാന്‍ രംഗത്തിറങ്ങിയ വട്ടിയൂര്‍ക്കാവില്‍ 14,438 വോട്ടിനാണ് ഇടതുപക്ഷം അട്ടിമറി നടത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പാണിത്.

ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ അരൂരിലാകട്ടെ ബിജെപിയുടെ വോട്ടില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും ഇവിടെ ഇടതുപക്ഷത്തെ ചതിച്ചിരിക്കുകയാണ്.

ജാതി-മത ശക്തികളുടെ ഒരു ഇടപെടലും അംഗീകരിക്കില്ലന്ന വലിയ സന്ദേശമാണ് ഈ ഉപതിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. വട്ടിയൂര്‍ക്കാവില്‍ സുകുമാരന്‍ നായര്‍ക്കാണ് തിരിച്ചടിക്കിട്ടിയതെങ്കില്‍ അരൂരില്‍ വെളളാപ്പളളിക്കാണ് തിരിച്ചടി ലഭിച്ചിരിക്കുന്നത്.


വെള്ളാപ്പള്ളി ഇവിടെ ഇടതിന് അനുകൂലമായി നിന്നില്ലായിരുന്നെങ്കില്‍ ചെങ്കൊടി പാറുമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

വെള്ളാപ്പള്ളി എതിരായി നിന്നപ്പോള്‍പോലും 38,000 വോട്ടിന് മുന്‍പ് വിജയിച്ച ചരിത്രവും അരൂരില്‍ ഇടതുപക്ഷത്തിനുണ്ട്.

എറണാകുളത്തും മഞ്ചേശ്വരത്തും യു.ഡി.എഫ്, സീറ്റുകള്‍ നിലനിര്‍ത്തിയെങ്കിലും അതിനും തിളക്കം കുറവാണ്. പ്രത്യേകിച്ച് എറണാകുളമെന്ന യു.ഡി.ഫ് ഉരുക്ക് കോട്ടയില്‍ വെറും 3750വോട്ടിന് മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞിരിക്കുന്നത്.

കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമായത് പ്രതിപക്ഷ പാര്‍ട്ടികളെ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.

അഞ്ചില്‍ നാല് സീറ്റും നേടിയിരുന്നടത്ത് നിന്നും മൂന്ന് സീറ്റുകളിലായാണ് യു.ഡി.എഫ് ഒതുങ്ങിപ്പോയിരിക്കുന്നത്.

അരൂരിലെ സാഹചര്യം തുണച്ചില്ലായിരുന്നുവെങ്കില്‍ പിടിച്ച് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ യു.ഡി.എഫ് നാണം കെടുമായിരുന്നു. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ കഷ്ടിച്ചാണ് വിജയിച്ചിരിക്കുന്നത്.

എന്നാല്‍ ഇടതുപക്ഷം യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്ത മണ്ഡലങ്ങളിലെ ഭൂരിപക്ഷം വളരെ വലുതാണ്.

വട്ടിയൂര്‍ക്കാവില്‍ 14,465ഉം, കോന്നിയില്‍ 9,953 വോട്ടിന്റെയും ഭൂരിപക്ഷമാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ശബരിമല വിഷയം മുതല്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിഷയങ്ങളുണ്ടായിട്ടും യു.ഡി.എഫ് കോട്ടകള്‍ പൊളിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. ഇതു തന്നെയാണിപ്പോള്‍ എതിരാളികളുടെയും ചങ്കിടിപ്പിക്കുന്നത്.

പിണറായി സര്‍ക്കാറിനെതിരെ വലിയ ജനവികാരമുണ്ടെന്ന പ്രചരണങ്ങളുടെ മുനയാണ് ഇവിടെ ഒടിഞ്ഞിരിക്കുന്നത്.
cpm

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ ധൈര്യപൂര്‍വ്വം നേരിടാനുള്ള കരുത്താണ് ചെമ്പടക്ക് ഇതോടെ ലഭിച്ചിരിക്കുന്നത്. സാമുദായിക നേതാക്കളെ പടിക്ക് പുറത്ത് നിര്‍ത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതുകൂടിയാണ് ഈ ജനവികാരം.

എന്‍.എസ്.എസ് ചരിത്രത്തില്‍ ആദ്യമായി പരസ്യമായി യു.ഡി.എഫിന് വോട്ട് പിടിച്ച തിരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്.


വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും ഷോക്കില്‍ നിന്നും സുകുമാരന്‍ നായര്‍ അടുത്തകാലത്തൊന്നും ഇനി മുക്തനാവാന്‍ പോകുന്നില്ല.എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്ഥാനവും ഇനി പടിക്ക് പുറത്ത് തന്നെയായിരിക്കും.

വെള്ളാപ്പള്ളി എവിടെ ആരെ തുണച്ചാലും അവര്‍ക്ക് ആ മണ്ഡലത്തില്‍ തിരിച്ചടി നേരിടുന്ന അവസ്ഥ വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്.

ഇടതുപക്ഷത്തിന്റെ കരുത്ത് മാത്രം മതി ഏത് യു.ഡി.എഫ് കോട്ടയും തകര്‍ക്കാനെന്ന് ഒരിക്കല്‍കൂടി തെളിയിച്ച് കഴിഞ്ഞതിനാല്‍ ആ വഴിക്കാണ് ഇനി ചെമ്പടയും പോകേണ്ടത്. അവസരവാദ രാഷ്ട്രീയത്തെ ഒരിക്കലും പോത്സാഹിപ്പിക്കാന്‍പാടില്ല.

തുഷാര്‍ വെള്ളാപ്പള്ളി തുണച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ മൂന്നാം സ്ഥാനത്താക്കിയാണ് വട്ടിയൂര്‍ക്കാവിലും കോന്നിയിലും ഇടത് തരംഗമുണ്ടായിരിക്കുന്നത്.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇനി ചെയ്യേണ്ടിയിരിക്കുന്നത് ആ സ്ഥാനത്ത് നിന്നും രാജി വയ്ക്കുക എന്നതാണ്. സ്വയം രാജിവയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ലങ്കില്‍ പുറത്താക്കാന്‍ നായര്‍ സമുദായംഗങ്ങള്‍ തന്നെ തയ്യാറാവണം. കാരണം ഇപ്പോള്‍ നാണം കെട്ടത് നിങ്ങള്‍കൂടിയാണ്.

രാഷ്ട്രീയ കച്ചവടം നടത്താനാകരുത് സമുദായ നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ടത്. സ്വന്തം നേതൃത്വത്തിന്റെ ആഹ്വാനമാണ് നായര്‍ സമുദായംഗങ്ങള്‍ വട്ടിയൂര്‍ക്കാവിലും തള്ളിക്കളഞ്ഞിരിക്കുന്നത്. 40 ശതമാനം നായര്‍ വോട്ടുള്ള ഈ മണ്ഡലത്തില്‍ നായര്‍ സമുദായംഗങ്ങള്‍ പിന്തുണച്ചത് ഇടതുപക്ഷത്തിനെ തന്നെയാണ്.

v s achuthanandan

പിണറായി സര്‍ക്കാറിനൊപ്പം ഈ ഇടതുപക്ഷ വിജയത്തില്‍ വി.എസിനും വലിയ ഒരു പങ്കുണ്ട്.

കെ.സുധാകരന്‍ പരിഹസിച്ച പോലെ ‘വറ്റിവരണ്ടതല്ല’ വി.എസിന്റെ തലച്ചോര്‍’ എന്നു കൂടിയാണ് ഇവിടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. 96 വയസ്സിന്റെ പരിമിതി വകവയ്ക്കാതെ വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിന് വേണ്ടി വി.എസും വോട്ട് തേടിയെത്തിയിരുന്നു.

ഈ വിപ്ലവകാരിയെ അപമാനിച്ച കോണ്‍ഗ്രസ്സ് നേതാവിനുള്ള തിരിച്ചടികൂടിയാണ് ഇപ്പോഴത്തെ അട്ടിമറി വിജയം.

Express view

Top