ഇനി ജിക്സര്‍ 250 ബൈക്കില്‍ എത്തും കോഴിക്കോട്ടെ ട്രാഫിക്ക് പൊലീസുകാര്‍

കോഴിക്കോട്ടെ ട്രാഫിക്ക് പൊലീസുകാര്‍ക്ക് അഞ്ച് ജിക്സര്‍ 250 ബൈക്കുകള്‍ സമ്മാനിച്ച് ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി. സുസുക്കിയുടെ കോര്‍പറേറ്റ് റെസ്പോണ്‍സിബിലിറ്റി പദ്ധതിയുടെ ഭാഗമായാണ് ബൈക്കുകള്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

മൈക്കും ഉച്ചഭാഷിണിയും പ്രത്യേക ലൈറ്റും സൈറനും ബൈക്കുകളില്‍ ഘടിപ്പിച്ചിട്ടുണ്ട്. ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കണ്‍ ലൈറ്റുകള്‍, സൈഡ് ബോക്‌സുകള്‍, വിന്‍ഡ് ഷീല്‍ഡ് എന്നിവയും ബൈക്കുകളില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ വിന്‍ഡ് ഷീല്‍ഡ്, സൈഡ് ബോക്‌സ്, പെട്രോള്‍ ടാങ്ക് എന്നിവടങ്ങളില്‍ പൊലീസ് സ്റ്റിക്കറും പതിപ്പിച്ചിട്ടുണ്ട്.

പൊലീസിന് നല്‍കിയത് വെള്ള നിറത്തിലുള്ള ജിക്‌സര്‍ 250-നെ ആണ്. ജിക്‌സര്‍ എസ്എഫിന്റെ ഹൃദയം 249 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ്.

ഡെപ്യൂട്ടി കമ്മിഷണര്‍ എ.കെ. ജമാലുദ്ദീന് സുസൂക്കി മാനേജിങ് ഡയറക്ടര്‍ സി.പി. അബ്ദുള്ള, സുസൂക്കി റീജണല്‍ മാനേജര്‍മാരായ കൃഷ്ണപ്രശാന്ത്, ദിലീപ് തുടങ്ങിയവരാണ് ബൈക്കുകളുടെ താക്കോല്‍ കൈമാറിയത്.

Top