തിരക്കിനിടയില്‍ എളുപ്പമെത്താന്‍ ഹോവര്‍ പട്രോളിംഗുമായി കേരള പൊലീസ്

തിരുവനന്തപുരം:തിരക്കിനിടയില്‍ എളുപ്പമെത്താന്‍ ഇലക്ട്രിക്ക് ഹോവര്‍ പട്രോളിംഗുമായി കേരള പൊലീസ്.കാലത്തിനൊപ്പം നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരള പൊലീസിന്റെ പുതിയ പദ്ധതി. തിരക്കുള്ള സ്ഥലങ്ങളില്‍ ഇനി സിറ്റി പൊലീസ് റോന്ത് ചുറ്റുക ഇനി ഇലക്ട്രിക്ക് ഹോവര്‍ ബോര്‍ഡുകളിലായിരിക്കും. വിദേശരാജ്യങ്ങളില്‍ നിലവിലുള്ളതുപോലെ ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ഉപയോഗിച്ചുള്ള പൊലീസ് പട്രോളിങ് ആണ് തലസ്ഥാനത്തും ആരംഭിച്ചത്.

സിറ്റി ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥര്‍ക്ക് പട്രോളിങ്ങിനായാണ് നഗരത്തില്‍ ഇലക്ട്രിക് ഹോവര്‍ ബോര്‍ഡുകള്‍ അദ്യ ഘട്ടത്തില്‍ നല്‍കിയിരിക്കുന്നത്. നിലവിലെ പൊലീസിന്റെ ബൈക്ക്, ജീപ്പ് പട്രോളിങ് വാഹനങ്ങള്‍ക്ക് ആള്‍ക്കൂട്ടങ്ങള്‍ക്ക് ഇടയിലൂടെ സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ കാല്‍ നടയാത്രക്കാരുടെ സുരക്ഷ, അനധികൃത പാര്‍ക്കിംഗ് സാമൂഹ്യ വിരുദ്ധശല്യം എന്നിവ ഒഴിവാക്കുന്നതിനും ഒപ്പം പൊലീസിന്റെ സാന്നിധ്യം ഉറപ്പ് വരുത്താനും ആന്ന് ഹോവര്‍ പട്രോളിങ് സംവിധാനം ഉപയോഗിക്കുന്നത്.

ഒരു പൊലീസ് ഉദ്യോഗസ്ഥന് നിന്നുകൊണ്ട് ഇതില്‍ പട്രോളിങ് നടത്താന്‍ സാധിക്കുന്ന രണ്ടു ചെറിയ വീലുകളും ഹാന്‍ഡിലും നില്ക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമും അടങ്ങിയ സെല്‍ഫ് ബാലന്‍സിങ് സംവിധാനമുള്ള ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ ശരീര ചലനങ്ങള്‍കൊണ്ട് വേഗത കൂട്ടാനും കുറയ്ക്കാനും സാധിക്കും. ഇതില്‍ ബീക്കണ്‍ ലെറ്റും എല്‍.ഇ.ഡി. ഹെഡ് ലൈറ്റും ഉണ്ട്. 20 കിലോമീറ്റര്‍ വേഗതയിലും 120 കിലോ ഭാരം വഹിച്ചുകൊണ്ടു സഞ്ചരിക്കാനും ഹോവര്‍ ബോര്‍ഡുകള്‍ക്ക് കഴിയും.

നിലവില്‍ കൊച്ചി സിറ്റി പൊലീസ് ഇത്തരത്തിലുള്ള ഹോവര്‍ ബോര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് പട്രോളിങ്ങിന്റെ ഉദ്ഘാടനം മാനവീയം വീഥിയില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സി. നാഗരാജു ഇലക്ട്രിക് ഹോവര്‍ ബോര്‍ഡ് ഓടിച്ച് പട്രോളിങ് നടത്തി നിര്‍വഹിച്ചു.

Top