സൈന്യത്തെ പോലും അത്ഭുതപ്പെടുത്തി . . . തൃശൂർ റേഞ്ച് ഐ.ജിയും പൊലീസ് സംഘവും

Kerala Police-flood

തൃശൂർ : പ്രളയക്കെടുതിയില്‍ ജീവനും മരണത്തിനും ഇടയില്‍പ്പെട്ട പതിനായിരങ്ങളെ രക്ഷിച്ച കേരള പൊലീസിന്റെ സേവനം ആരും മറന്നു പോകരുത്. സൈന്യത്തിന്റെ സേവനങ്ങള്‍ക്ക് സല്യൂട്ട് അടിക്കുന്നവര്‍ കേരള പൊലീസിനും നല്‍കണം ഒരു സല്യൂട്ട്.

പ്രളയം മഹാദുരന്തം വിതച്ചപ്പോള്‍ കിട്ടിയ രക്ഷാമാര്‍ഗ്ഗം ഉപയോഗിച്ച് ദുരന്ത നിവാരണ പ്രവര്‍ത്തനം നടത്തിയ പൊലീസ് ഇടപെട്ടാണ് മത്സ്യതൊഴിലാളി ബോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാക്കിയത്.

മിക്ക മത്സ്യ തൊഴിലാളി ബോട്ടുകളിലും സൈനിക ബോട്ടുകളിലും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. നീന്തി കയറി അതിസാഹസികമായും രക്ഷാപ്രവര്‍ത്തനം നടത്തിയവരും നിരവധി.

ചെയ്ത പ്രവര്‍ത്തി ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ ഇടുന്ന ഏര്‍പ്പാട് ദുരന്തമുഖത്ത് പൊലീസ് കാണിക്കാത്തതിനാല്‍ മാത്രമാണ് സാഹസികമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പലതും പുറത്തറിയാതിരിക്കുന്നത്.

 Kerala Police-flood

സൈന്യത്തിന് ഇത്തരം പരിതസ്ഥിതികള്‍ നേരിടുന്നതിനുള്ള പരിശീലനമുണ്ട്. മത്സ്യതൊഴിലാളികളെ സംബന്ധിച്ച് കടലിനോട് പോരടിച്ച അനുഭവവുമുണ്ട്.

പക്ഷേ കേരള പൊലീസിന് ഇത് രണ്ടുമില്ല. ക്രമസമാധാന ചുമതലയും കേസന്വേഷണവും മാത്രം നടത്തി പരിചയമുള്ള നമ്മുടെ പൊലീസിന് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം പ്രതിസന്ധിയെ നേരിടേണ്ടിവന്നത്‌.

ഈ പരിമിതിയില്‍ നിന്നും ഊണും ഉറക്കവുമില്ലാതെ പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ പൊലീസ് നടത്തിയ നീക്കം അഭിനന്ദനാര്‍ഹമാണ്.

ചാലക്കുടിയില്‍ പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത്ത് കുമാറിന് ശക്തമായ അടിയൊഴുക്കുള്ള വെള്ളത്തിലേക്ക് എടുത്ത് ചാടേണ്ട സാഹചര്യം വരെയുണ്ടായി.

പുഴയായ റോഡിലൂടെ ചീറി പാഞ്ഞ് വന്ന ഐ.ജി സഞ്ചരിച്ച വാഹനം പെട്ടന്ന് നിന്നു പോയതോടെ തിരിച്ചു പോകാതെ വെള്ളത്തില്‍ എടുത്ത് ചാടി കഴുത്തറ്റം വെള്ളത്തില്‍ നീന്തിയാണ് ഐ.ജി ആദ്യ ദിവസം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

അടുത്ത ദിവസം കമ്മീഷണര്‍ യതീഷ് ചന്ദ്ര ഏര്‍പ്പാടാക്കിയ ടിപ്പര്‍ ലോറിയില്‍ സൈനികരെയും കൊണ്ട് ഐ.ജി വീണ്ടും ചാലക്കുടിക്കു പോയി. വഴിയില്‍ കുടുങ്ങി കിടന്ന ഐ.ആര്‍ ബറ്റാലിയന്‍കാരെയും ക്രൈംബ്രാഞ്ച് എസ്.പി സുദര്‍ശനെയും കൂടെ കയറ്റിയായിരുന്നു യാത്ര.

 Kerala Police-flood

ചാലക്കുടിയില്‍ എത്തിയ സംഘം രണ്ടായി തിരിഞ്ഞ് ഒരു ടീം സൈന്യത്തോടൊപ്പവും മറ്റേ ടീം കണ്ണൂരില്‍ നിന്നും എസ്.പി ശിവവിക്രം പറഞ്ഞുവിട്ട മത്സ്യതൊഴിലാളികള്‍ക്കൊപ്പവും ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

ആ ഒറ്റ ദിവസം മാത്രം അയ്യായിരത്തോളം പേരെയാണ് രക്ഷിക്കാന്‍ കഴിഞ്ഞത്. നാട്ടുകാരും വളരെ വലിയ സഹായമാണ് ദുരന്തമുഖത്ത് കാഴ്ചവച്ചത്.

പൊലീസ് കണ്‍ടോള്‍ റൂം ആയി പ്രവര്‍ത്തിച്ചത് ഒരു പൊലീസ് വാഹനം ആയിരുന്നു. ചാലക്കുടി പാലത്തിന് അടിയില്‍ നിര്‍ത്തിയിട്ട ഈ കണ്‍ട്രോള്‍ റൂമിന്റെ ചുമതല റൂറല്‍ എസ്.പി പുഷ്‌ക്കരനായിരുന്നു.

തൃശൂരില്‍ പ്രവര്‍ത്തിച്ച ജോയിന്റ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല സിറ്റി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്രക്കായിരുന്നു. ഇതിനിടെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട് ചേര്‍പ്പില്‍ ഒരു എസ്.ഐ വെള്ളത്തില്‍ പോകുന്ന സാഹചര്യവും ഉണ്ടായി.

നേവിയെയും വ്യോമസേനയുടെ ഹെലികോപ്ടറുകളേയും ഉപയോഗപ്പെടുത്തി നിരവധി കുടുംബങ്ങളെ രക്ഷപ്പെടുത്താനും കഴിഞ്ഞു. ഹെലികോപ്റ്റര്‍ വഴി ഭക്ഷണം എത്തിക്കുന്നതിന് കമ്മീഷണര്‍ യതീഷ് ചന്ദ്ര നടത്തിയ ഇടപെടലും എടുത്ത് പറയേണ്ടതാണ്. തുടക്കം മുതല്‍ തന്നെ ഉള്ള സേനയെവച്ച് പരമാവധി രക്ഷാപ്രവര്‍ത്തനം പൊലീസ് നടത്തി.

 Kerala Police-flood

പുഴ തീരത്തുള്ള സെന്റ് ജയിംസ് അക്കാദമിയിലെ കുട്ടികളെ രക്ഷിക്കാന്‍ പോയപ്പോള്‍ ടിപ്പര്‍ മുങ്ങി. മുങ്ങിയ ടിപ്പറില്‍ നിന്ന് നേവിക്കാരുടെ ബോട്ട് ശരിയാക്കി ഇറക്കിയാണ് കുടുങ്ങിയവര്‍ക്ക് ഐ.ജിയും സംഘവും ഭക്ഷണം ലഭ്യമാക്കിയത്. ഇവരെ ഇവിടെ നിന്നും പിന്നിട് രക്ഷപ്പെടുത്തി. മാളയില്‍ നിന്നും പൊലീസ് ഇടപെടലില്‍ രക്ഷപ്പെട്ടവരുടെ എണ്ണം അനവധിയാണ്.

ചേര്‍പ്പില്‍ ആറാട്ട് പുഴ ബണ്ട് പൊട്ടിയപ്പോള്‍ മന്ത്രി സുനില്‍കുമാറും ഐ.ജിയും സംയുക്തമായി രംഗത്തിറങ്ങിയാണ് നാട്ടുകാരുടെ സഹായത്തോടെ ബണ്ട് പുന:സ്ഥാപിച്ചത്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധിയായ മന്ത്രി സുനില്‍കുമാറിന് ആദ്യ അനുഭവമല്ലങ്കിലും മൂന്ന് ജില്ലകളിലെ പൊലീസിനെ നിയന്ത്രിക്കുന്ന ഐ.പി.എസുകാരന്‍ തൊഴിലാളിയായി മാറിയത് നാട്ടുകാരെയും അത്ഭുതപ്പെടുത്തി. ഉറങ്ങാത്ത രാത്രി ആയിരുന്നു പ്രളയം വിഴുങ്ങിയ നാലു ദിവസവും തൃശൂര്‍ ജില്ലയിലെ പൊലീസിനുണ്ടായിരുന്നത്.

 Kerala Police-flood

പൂര്‍ണ്ണമായും ഒറ്റപ്പെട്ട പ്രദേശത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങളെല്ലാം തകര്‍ന്നിട്ടും പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു.

സൈന്യവും മത്സ്യതൊഴിലാളികളും മറ്റു രക്ഷാപ്രവര്‍ത്തകരും പൊലീസിനൊപ്പം ഒരുമിച്ചതോടെ വലിയ ആള്‍നാശം ഒഴിവാക്കാനും കഴിഞ്ഞു.

രക്ഷാപ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി മന്ത്രി വി.എസ് സുനില്‍കുമാര്‍, സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍, കളക്ടര്‍ അനുപമ എന്നിവരും സജീവമായി രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസാണ് നിരന്തരം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരുന്നത്.

റിപ്പോര്‍ട്ട് : എം വിനോദ്‌

Top