മടിയന്മാരെ പുറത്താക്കി കേരള പൊലീസ്; ടീമുകള്‍ പുനഃസംഘടിപ്പിക്കും

തിരുവനന്തപുരം: മികച്ച പ്രകടനം കാഴ്ച വയ്ക്കാത്തവരെ പുറത്താക്കി കേരള പൊലീസ് ടീം. തുടര്‍ച്ചയായി മോശം ഫോമില്‍ തുടരുന്ന കളിക്കാരെ മാതൃയൂണിറ്റുകളിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം. ടീമുകളില്‍ യുവനിരയെ ഉള്‍പ്പെടുത്താനാണ് ഈ പുതിയ പദ്ധതി. നടപടിയുടെ ആദ്യ ഘട്ടമായി പൊലീസ് അത്ലറ്റിക്സ് ടീമില്‍നിന്ന് അഞ്ചുപേരെയും ഫുട്ബോള്‍ ടീമില്‍നിന്ന് രണ്ടുപേരെയും തിരിച്ചയച്ചു.

ദേശീയ പൊലീസ് മീറ്റ് കഴിയുന്നതോടെ പ്രകടനം വിലയിരുത്തി ആവശ്യമെങ്കില്‍ മറ്റു ഇനങ്ങളില്‍ നിന്ന് ചിലരെ മാറ്റിയേക്കുമെന്നാണ് സൂചന. അതിനിടെ, സൈക്ലിങ് പുരുഷവനിത ടീമും വനിതാ നീന്തല്‍ ടീമും രൂപീകരിക്കാന്‍ കേരള പൊലീസ് നടപടി തുടങ്ങി. ഇതിനുള്ള തസ്തിക നേരത്തെ സൃഷ്ടിച്ചിരുന്നു. സൈക്ലിങ് പുരുഷ, വനിത ഇനങ്ങളില്‍ രണ്ടുപേരെ വീതവും വനിതാ നീന്തലിന് നാലുപേരെയുമാണ് നിയമിക്കുക.

അത്ലറ്റിക്സ്, ഫുട്ബോള്‍ (പുരുഷന്മാര്‍), വോളിബോള്‍ (പുരുഷ, വനിത) ബാസ്‌കറ്റ്ബോള്‍ (പുരുഷ, വനിത), നീന്തല്‍ (പുരുഷന്മാര്‍), ഹാന്‍ഡ്ബോള്‍ (പുരുഷന്മാര്‍), ജൂഡോ (പുരുഷന്മാര്‍) എന്നിവയാണ് നിലവില്‍ കേരള പൊലീസ് സ്പോര്‍ട്സ് ഇനങ്ങള്‍. എന്നാല്‍ ഈ ഇനങ്ങളില്‍ പലതിലും ആവശ്യത്തിന് കളിക്കാരില്ല. ടീമുകള്‍ ശക്തിപ്പെടുത്താന്‍ പുതിയ റിക്രൂട്ട്മെന്റിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി വിവിധ സായുധ സേന ബറ്റാലിയനുകളിലെ 146 ഹവില്‍ദാര്‍ തസ്തിക കായിക താരങ്ങള്‍ക്കായി നീക്കിവച്ചു.

അത്ലറ്റിക്സ് പുരുഷ ഇനത്തില്‍ 28 പേരുടെ തസ്തികയാണുള്ളത്. എന്നാല്‍ 11 പേരാണ് ടീമിലുള്ളത്. പുതുതായി 17 പേരെ നിയമിക്കാം. പുരുഷ, വനിതാ ബാസ്‌കറ്റ്ബോള്‍, വോളിബോള്‍ ടീമുകള്‍ക്ക് 12 വീതം തസ്തികയുണ്ട്. കളിയറിയാവുന്ന മറ്റു പൊലീസുകാരെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണാനാണ് പുതിയ നീക്കം.

Top