kerala-police-Sparjankumar IPS-Trivandrum-SFI-March

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ തിരുവനന്തപുരം സിറ്റിപൊലീസ് കമ്മീഷണര്‍ക്കെതിരെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ശക്തം.

കഴിഞ്ഞ ദിവസം മുന്‍ അമേരിക്കന്‍ അംബാസിഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടിപി ശ്രീനിവാസനെതിരായ ആക്രമണവും, തുടര്‍ന്ന് കോവളത്തും സെക്രട്ടറിയേറ്റ് പരിസരത്തുമുണ്ടായ സംഘര്‍ഷങ്ങളും ഫലപ്രദമായി നിയന്ത്രിക്കുന്നതില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ എന്ന നിലയില്‍ സ്പര്‍ജന്‍കുമാര്‍ പൂര്‍ണ്ണപരാജയമായിരുന്നുവെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

ഏകോപനത്തിലെ പാളിച്ച മൂലം സംഘര്‍ഷത്തിന്റെ ഒരുഘട്ടത്തില്‍ ഡിജിപിയും ഐജിയും അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് ഇടപെടേണ്ട സാഹചര്യം വരെയുണ്ടായി. ആവശ്യത്തിന് പൊലീസ് ഫോഴ്‌സിനെ വിട്ടുകൊടുക്കുന്ന കാര്യത്തിലും ഗുരുതരമായ പിഴവാണ് കമ്മീഷണറുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് കണ്ടെത്തല്‍.

കോവളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അഡിമിനിസ്‌ട്രേഷന്‍ ഡിസിപിക്ക് പ്രകോപിതരായ എസ്എഫ്‌ഐക്കാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ്കുമാര്‍ സ്ഥലത്തെത്തിയതിനു ശേഷമാണ് പൊലീസ് ലാത്തിചാര്‍ജ് ചെയ്ത് സമരക്കാരെ കര്‍ശനമായി നേരിട്ടത്.

കോവളത്തും സെക്രട്ടറിയേറ്റ് പരിസരത്തുമുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ക്ക് പുറമേ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മുന്‍കരുതല്‍ എടുക്കുന്നതിനും സമരത്തെ നേരിടുന്നതില്‍ ഉദ്യോഗസ്ഥരെ നിയമിച്ചതിലും സംഭവിച്ച പാളിച്ചയാണ് കൂടുതല്‍ കാഷ്യാലിറ്റി ഉണ്ടാക്കിയതെന്ന അഭിപ്രായത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍.

സര്‍ക്കാരിന്റെ അവസാന കാലയളവില്‍ തലസ്ഥാനം പോലെ സെന്‍സിറ്റിവായ ഒരു സ്ഥലത്ത് സംഘര്‍ഷം വ്യാപകമാകുമെന്നറിഞ്ഞിട്ടും ശക്തനായ കമ്മീഷണറെ നിയമിക്കാത്തതില്‍ സേനയ്ക്കകത്തും ശക്തമായ പ്രതിഷേധമാണുള്ളത്.

തലസ്ഥാനം പോലെ സെന്‍സിറ്റിവായ ഒരു പ്രദേശത്ത് കമ്മീഷണറെ നിയമിക്കുമ്പോള്‍ വ്യക്തി-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം ഉദ്യോഗസ്ഥന്റെ പരിമിതിയും കഴിവും കൂടി മാനദണ്ഡമാക്കേണ്ടതുണ്ടെന്നാണ് മുതിര്‍ന്ന ഐപിഎസുകാരുടെ അഭിപ്രായം.

സ്പര്‍ജന്‍കുമാറിനെതിരെ സേനയ്ക്കകത്തു തന്നെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും മാറ്റുമെന്നും പറയപ്പെടുന്നുണ്ട്.

Top