ലഹരിനിര്‍മാര്‍ജനം ലക്ഷ്യമിട്ട് പോലീസ്; രഹസ്യ നമ്പറിൽ അറിയിക്കാം…

തിരുവനന്തപുരം: ലഹരിനിര്‍മാര്‍ജനത്തിന് ഒരുമിച്ച് പോരാടാമെന്ന് കേരള പൊലീസ്. ലഹരി ഉപയോഗം, വിതരണം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങൾ അറിയിക്കാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റി നാർക്കോട്ടിക് കൺട്രോൾ റൂം നമ്പറായ 9497927797 ലേക്ക് വിളിച്ച് അറിയിക്കാം.

വാട്സാപ്പ് വഴിയും നേരിട്ടും വിവരങ്ങൾ കൈമാറാം. കൂടാതെ pgcelladgplo.pol@kerala.gov.in എന്ന ഇമെയിൽ വിലാസം വഴിയും വിവരങ്ങൾ അറിയിക്കാമെന്ന് കേരള പൊലീസ് അറിയിച്ചു. വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന ഉറപ്പും പൊലീസ് നല്‍കുന്നു.

ലഹരി കടത്തുകാരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. ‘ഓപ്പറേഷൻ ഡി ഹണ്ട്’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ 244 പേരെ അറസ്റ്റ് ചെയ്തു. ഡിജിപിയുടെ നിർദേശ പ്രകാരമായിരുന്നു പരിശോധന. ലഹരിക്കടത്തുകാരുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ വീടുകളിലും താവളങ്ങളിലും ഉള്‍പ്പെടെ പരിശോധന നടത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത് കുമാറാണ് പരിശോധന ഏകോപിപ്പിച്ചത്.

1373 സ്ഥലങ്ങളിൽ പരിശോധന നടത്തി. 244 പേരെ അറസ്റ്റ് ചെയ്തു. ചില സ്ഥലങ്ങളിൽ നിന്നും ലഹരി വസ്തുക്കള്‍ കൂടാതെ സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തി. 246 കേസുകള്‍ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കൊച്ചിയിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. 61 പേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ 45 പേരെയും ഇടുക്കിയിൽ 32 പേരെയും അറസ്റ്റ് ചെയ്തു.

ഇന്റലിജൻസ് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇനിയും പരിശോധനകള്‍ തുടരുമെന്ന് ഡിജിപി അറിയിച്ചു. ഇതിനായി റെയ്ഞ്ച് ഡിഐജിമാരുടെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം തയ്യാറാക്കിയിട്ടുണ്ട്. ലഹരിസംഘങ്ങളെ കുറിച്ചുള്ള പട്ടിക റെയ്ഞ്ച് ഡിഐജിമാർ നേരത്തെ തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്റ്റേഷനിലും ഓപ്പറേഷൻ ഡി ഹണ്ടിനായി പ്രത്യേക സ്ക്വാഡുകളും നിലവില്‍വന്നിട്ടുണ്ട്.

Top