ഇനി ടോമിൻ തച്ചങ്കരി കേരള പൊലീസിനെ നിയന്ത്രിക്കും, തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: എ ഡി ജി പി ടോമിന്‍ തച്ചങ്കരി ഇനി കേരള പൊലീസിനെ നിയന്ത്രിക്കും.

സിപിഎം നേതൃത്ത്വവുമായി ഏറെ അടുപ്പമുള്ള തച്ചങ്കരിയെ തന്ത്രപ്രധാനമായ പൊലീസ് ആസ്ഥാനത്തെ എഡിജിപിയാക്കുക വഴി ഇനി സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കേണ്ടി വന്നാലും സര്‍ക്കാറിന്റെ ഭരണം തച്ചങ്കരിയിലൂടെയായിരിക്കും.

ഇനി അതല്ല ബഹ്‌റ തന്നെ തുടര്‍ന്നാലും ‘നിയന്ത്രണം’ തച്ചങ്കരിയിലൂടെയായിരിക്കുമെന്ന് ഉറപ്പ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് ഈ ഉദ്യോഗസ്ഥന്‍

അധികാര മാറ്റം ലഭിച്ച മറ്റു ഉദ്യോഗസ്ഥര്‍

അനില്‍ കാന്തിനെ വിജിലന്‍സ് എഡിജിപിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായയെ കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സഷന്‍ കോര്‍പറേഷന്‍ (കെപിഎച്ച്‌സിസി) എംഡി സ്ഥാനത്തുനിന്നു മാറ്റി പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചു. പകരം നിയമനം ഉണ്ടാകുന്നതുവരെ അദ്ദേഹത്തിനു കെപിഎച്ച്‌സിസിയുടെ താല്‍ക്കാലിക ചുമതലയുണ്ടാകും.

എറണാകുളം റേഞ്ച് ഐജി പി. വിജയന് കോസ്റ്റല്‍ പൊലീസിന്റെ അധിക ചുമതല നല്‍കി. പൊലീസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന കെ. ഷഫീന്‍ അഹമ്മദിനെ ഡിഐജി (എപി ബറ്റാലിയന്‍സ്) ആയി നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ എസ്പി ആയിരുന്ന കല്‍രാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റെയില്‍വേ പൊലീസ് എസ്പി ആയി നിയമിച്ചു.

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചുമതലയുണ്ടായിരുന്ന മുഹമ്മദ് ഷബീറിനെ തിരുവനന്തപുരം സിബിസിഐഡി എസ്പിയായി നിയമിച്ചു. കോസ്റ്റല്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഹരി ശങ്കറിനെ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി നിയമിച്ചു.

Top