ഐ.പി.എസ് തലത്തിൽ ‘മുഖങ്ങൾ’മാറും, വ്യാപക അഴിച്ചുപണിക്കും കളമൊരുങ്ങി

പൊലീസ് സേന കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പൊലീസ് തലപ്പത്തും വ്യാപക അഴിച്ചുപണി വരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ മുതല്‍ എസ്.എച്ച്.ഒ വരെ ഘട്ടം ഘട്ടമായി സ്ഥലംമാറ്റം നടപ്പാക്കാനാണ് തീരുമാനം. എസ്.എച്ച്.ഒ പദവിയില്‍ പഴയ പോലെ എസ്.ഐമാരെ നിയോഗിക്കണമെന്ന ആവശ്യവും ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് പൊലീസ് സേനയും ഉറ്റു നോക്കുന്നത്. സി.ഐമാരെ നിയോഗിച്ചത് പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വിലയിരുത്തുന്നത്. മുന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റ നടപ്പാക്കിയ ഈ പരിഷ്‌ക്കാരം ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന അഭിപ്രായം സി.പി.എം നേതൃത്വത്തിനുമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. പാര്‍ട്ടി ഇടപെടില്ലെങ്കിലും കഴിവുള്ള ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിയോഗിക്കണമെന്ന അഭിപ്രായമാണ് സി.പി.എമ്മിനുള്ളത്. ഗുണ്ടാ ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടിയാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഐ.പി.എസ് ഉദ്യാഗസ്ഥരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടക്കുന്ന സ്ഥലമാറ്റങ്ങളുടെ ഭാഗമായി വിപുലമായ ഒരു അഴിച്ചുപണി തന്നെ നടക്കുമെന്നാണ് സൂചന. എസ്.പിമാരായ സതീഷ് ബിനോ, രാഹുല്‍.ആര്‍.നായര്‍, അജിത ബീഗം, നിശാന്തിനി പുട്ട, വിമലാദിത്യ എന്നിവര്‍ക്കാണ് ഡി.ഐ.ജിമാരായി ഉദ്യാഗക്കയറ്റം ലഭിക്കുന്നത്. ഇതില്‍ നിശാന്തിനിയും, രാഹുലും ഒഴികെ ഉള്ളവര്‍ നിലവില്‍ ഡെപ്യൂട്ടേഷനിലാണ് ഉള്ളത്. രാഹുല്‍ ആര്‍ നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിയാണ്. നിശാന്തിനിയാകട്ടെ പത്തനംതിട്ട എസ്.പിയുമാണ്.

ഡി.ഐ.ജിമാരില്‍ അനുപ് കുരുവിള ജോണ്‍ വിക്രംജിത്ത് സിംങ്ങ് പ്രകാശ് സേതുരാമന്‍ കെ.പി ഫിലിപ്പ് എ.വി ജോര്‍ജ് എന്നിവര്‍ ഐ ജിമാരാകും. ഐ. ജിമാരായ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ, മഹിപാല്‍ യാഥാവ് എന്നിവര്‍ക്കാണ് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം ലഭിക്കുക. ഇവരോടൊപ്പം പ്രമോഷന്‍ ലഭിക്കേണ്ടിയിരുന്ന ലക്ഷ്മണ നിലവില്‍ സസ്‌പെന്‍ഷനിലാണുള്ളത്.

നിശാന്തിനി ഡി.ഐ.ജി ആകുന്നതോടെ പത്തനംതിട്ടയില്‍ പുതിയ എസ്.പിയെ നിയമിക്കേണ്ടി വരും. അതുപോലെ തന്നെ, എ.വി ജോര്‍ജും, കെ.പി ഫിലിപ്പും ഐ.ജിമാരാകുന്നതോടെ കോഴിക്കോട് കമ്മീഷണര്‍ കൊച്ചി അഡീഷണല്‍ കമീഷണര്‍ തസ്തികയിലേക്കും ഒഴിവുകള്‍ വരും. സേതുരാമന്റെ ഒഴിവില്‍ കണ്ണൂര്‍ റെയ്ഞ്ചിലേക്കും പുതിയ ആളെ കണ്ടെത്തേണ്ടി വരും.

ബല്‍റാംകുമാര്‍ ഉപാദ്ധ്യായ എ.ഡി.ജി.പി ആകുന്നതോടെ പുതിയ തിരുവനന്തപുരം കമ്മീഷണറെയും കണ്ടെത്തേണ്ടി വരും. ഫലത്തില്‍ വലിയ ഒരു അഴിച്ചുപണിക്ക് തന്നെയാണ് കളമൊരുങ്ങുന്നത്. എസ്.പി ഡി.ഐ.ജി ഐ.ജി തലങ്ങളില്‍ വലിയ മാറ്റങ്ങള്‍ക്കാണ് സാധ്യത. എ.ഡി.ജി.പി തലത്തിലും ആവശ്യമായ മാറ്റങ്ങള്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത് മാത്രമായിരിക്കും.

EXPRESS KERALA VIEW

Top