ഹെലികോപ്ടര്‍ വിവാദം ഉയരുമ്പോഴും നിലപാടില്‍ നിന്ന് പിന്മാറാതെ സര്‍ക്കാര്‍

തിരുവനന്തപുരം: ആരോപണങ്ങളും ആക്ഷേപങ്ങളും പല ഭാഗത്ത് നിന്നും ഉയരുമ്പോഴും ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്ന നിലപാടില്‍ നിന്ന് അണുവിട മാറാതെ സംസ്ഥാന പൊലീസ്. വിഷയത്തില്‍ ഒരു രീതിയിലുള്ള പരസ്യ പ്രതികരണങ്ങള്‍ക്കും സര്‍ക്കാരും പൊലീസും ഇതുവരെ തയ്യാറായിട്ടില്ല.

കേരളം അമിത തുക നല്‍കിയാണ് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കുന്നത് എന്നതിനുള്ള തെളിവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേരളം ഒന്നരക്കോടിയോളം രൂപ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുമ്പോള്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ വെറും എണ്‍പത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്.

ഡല്‍ഹി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം പവന്‍ ഹാന്‍സില്‍ നിന്നാണ് കേരളം ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. പവന്‍ ഹന്‍സ് കമ്പനിയുമായുള്ള കരാര്‍ നടപടികളെല്ലാം ഇതിനോടകം പൂര്‍ത്തിയായി. മുഖ്യമന്ത്രി അന്തിമ അംഗീകാരം നല്‍കിയാല്‍ പതിനഞ്ചിന് ഹെലികോപ്ടര്‍ ശംഖുമുഖത്തെ ടെക്‌നിക്കല്‍ ഏരിയയില്‍ എത്തും.

പവന്‍ ഹന്‍സ് പൊതുമേഖലാ സ്ഥാപനമായതുകൊണ്ട് തന്നെ അഴിമതിയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. സ്വകാര്യകമ്പനികള്‍ കുറഞ്ഞ തുക വാഗ്ദാനം ചെയ്‌തെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിശചയിച്ചിരിക്കുന്ന സുരക്ഷാമാനദണ്ഡങ്ങളോ സൗകര്യങ്ങളോ പാലിക്കാറില്ലെന്നുമാണ് കരാറിനെതിരായ ആക്ഷേപങ്ങള്‍ക്കുള്ള മറുപടി. നക്‌സല്‍ വിരുദ്ധപ്രവര്‍ത്തനത്തിനുള്ള കേന്ദ്രഫണ്ടായതിനാല്‍ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയില്ലെന്നതാണ് ധൂര്‍ത്തെന്ന ആരോപണത്തിനുള്ള വിശദീകരണം.

അതേസമയം, 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. അതു തള്ളിയാണ് പവന്‍ ഹാന്‍സിനു കരാര്‍ നല്‍കിയത്.

Top