കണ്ണൂർ റെയ്ഞ്ചിൽ പുതിയ നിയമമോ ? സൂപ്പർ ഡി.ജി.പി ചമഞ്ഞ് ഡി.ഐ.ജി !

ണ്ണൂർ ഡി.ഐ.ജി രാഹുൽ ആർ നായർക്കെതിരെ ഐ.പി.എസ് ഉദ്യോഗസ്ഥരിൽ പ്രതിഷേധം ശക്തമാകുന്നു.മോഷണക്കേസ് പ്രതിയുടെ എ ടി എം കാര്‍ഡ് കൈവശപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ പിരിച്ചുവിടപ്പെട്ട പോലീസുകാരനെ തിരിച്ചെടുത്തതാണ്, പ്രതിഷേധത്തിനു കാരണം.തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സി പി ഒ ആയിരുന്ന ഇ എന്‍ ശ്രീകാന്തിനെയാണ് ഡി.ഐ.ജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവ്വീസിൽ  തിരിച്ചെടുത്തിരിക്കുന്നത്.

ശ്രീകാന്തിനെ പിരിച്ചുവിട്ട ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവാണ് ഡി.ഐ.ജി. രാഹുല്‍ ആര്‍ നായര്‍ റദ്ദാക്കിയിരിക്കുന്നത്. ഇത് ഐ.പി.എസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിട്ടുണ്ട്. വാര്‍ഷിക വേതന വര്‍ധന മൂന്ന് വര്‍ഷത്തേക്ക് തടഞ്ഞുവച്ചുകൊണ്ട് തിരിച്ചെടുക്കുന്നുവെന്നാണ്, ഡി ഐ ജിയുടെ ഉത്തരവില്‍ പറയുന്നത്. ശ്രീകാന്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെങ്കിലും, സേനയില്‍ തുടരാന്‍ ഒരവസരം കൂടി നല്‍കണമെന്നാണ് ഡി.ഐ ജിയുടെ വാദം.

കൈക്കൂലി കേസിൽ മുൻപ് സസ്പെൻഷനിലാവുകയും, പിന്നീട് അടുപ്പക്കാരനായ ലോക് നാഥ് ബഹ്റ വിജിലൻസ് ഡയറക്ടറായപ്പോൾ തലയൂരുകയും ചെയ്ത രാഹുൽ ആർ നായർ, നിയമ വിരുദ്ധ പ്രവർത്തിക്ക് പിരിച്ചുവിടപ്പെട്ട പൊലീസുകാരനെ തിരിച്ചെടുത്തത് ‘സ്വാഭാവികം’ എന്നതാണ് സേനയിലെ പരിഹാസം.

മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ സംഭവത്തിൽ, തളിപ്പറമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസ‍ർ ഇ.എൻ.ശ്രീകാന്തിനെയാണ്, നേരത്തെ കണ്ണൂർ റൂറൽ എസ്.പി നവനീത് ശർമ്മ സർവീസിൽ നിന്നും പിരിച്ച് വിട്ടിരുന്നത്.

2021 ഏപ്രിലിലായിരുന്നു സംഭവം. തളിപ്പറമ്പ് പൂളപ്പറമ്പ് സ്വദേശി രാജേശ്വരിയുടെ എടിഎം കാർഡ് കൈക്കലാക്കിയാണ് ഈ പൊലീസുകാരൻ തട്ടിപ്പ് നടത്തിയിരുന്നത്. അരലക്ഷം രൂപ തട്ടിയെടുത്ത ശ്രീകാന്തിനെ ആദ്യം അന്വേഷണ വിധേമായി സസ്പെൻഡ് ചെയ്യുകയും പിന്നീട്, അന്വേഷണ റിപ്പോർട്ട് മുൻ നിർത്തി പിരിച്ചുപിടുകയുമാണ് ഉണ്ടായത്.

ചൊക്ലി സ്വദേശിയുടെ എടിഎം കാർഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ മോഷ്ടിച്ച ഗോകുൽ എന്നയാളെ,തളിപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. ഈ കേസ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ശ്രീകാന്ത്. ഈ സമയത്ത് ഇയാൾ സഹോദരിയിൽ നിന്നും എടിഎം കാർഡ് കൈക്കലാക്കുകയാണ് ഉണ്ടായത്.

തുടർന്ന്  അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് സഹോദരിയുടെ മൊബൈൽഫോണിൽ നിന്ന് പിൻനമ്പറും തന്ത്രപൂർവ്വം മനസ്സിലാക്കിയെടുത്തു. മോഷ്ടാവായ ഗോകുൽ തട്ടിയെടുത്ത പണമെല്ലാം തന്നെ സഹോദരിയുടെ എടിഎമ്മിലേക്കാണ് മാറ്റിയിരുന്നത്. മോഷണക്കേസിൽ ഗോകുൽ റിമാൻഡിലായതിന് ശേഷവും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതായി മെസേജുകൾ വന്നതോടെ, സഹോദരി തളിപ്പറമ്പ് സിഐക്ക് പരാതി നൽകുകയാണ് ഉണ്ടായത്.


തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, തളിപ്പറമ്പ് സ്റ്റേഷനിലെ തന്നെ സീനിയർ സിപിഒ ആയ ഇഎൻ ശ്രീകാന്താണ് പണം തട്ടിയെടുത്തത് എന്ന് സി.ഐക്ക് മനസിലായിരുന്നത്. ഇയാൾ തളിപ്പറമ്പിലെ പല എടിഎം കൗണ്ടറുകളിൽ നിന്ന് പണം എടുക്കുന്നതിന്റെയും, ഈ കാർഡ് ഉപയോഗിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് കണ്ണൂർ റൂറൽ എസ്പി നവനീത് ശർമ്മ നേരിട്ട് തളിപ്പറമ്പ് സ്റ്റേഷനിലെത്തി  ശ്രീകാന്തിനെ ചോദ്യം ചെയ്യുന്ന സാഹചര്യവും ഉണ്ടായി.

ശ്രീകാന്ത് പണം തട്ടിയെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസിലായതോടെ, വിശദമായ അന്വേഷണം നടത്താൻ തളിപ്പറമ്പ് ഡിവൈഎസ്പിയെ എസ്.പി ചുമതലപ്പെടുത്തുകയാണ് ഉണ്ടായത്. മോഷണത്തിന് സിപിഒ ശ്രീകാന്തിനെതിരെ പുതിയ ഒരുകേസും പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവം പൊലീസ് സേനയ്ക്ക് ആകെ നാണക്കേട് ആയതോടെ, ഡിജിപി തന്നെ നേരിട്ട് എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും, കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇതേ തുടർന്നാണ്, ശ്രീകാന്തിന്റെ പ്രവൃത്തി പൊതുജനങ്ങൾക്ക്  പൊലീസിൽ അവമതിപ്പും പൊലീസിന്റെ സൽപ്പേരിന് കളങ്കവും സ‍ൃഷ്ടിച്ചെന്നു ചൂണ്ടിക്കാട്ടി, സർവ്വീസിൽ നിന്നും പുറത്താക്കി കൊണ്ടുള്ള ഉത്തരവ് എസ്.പി പുറപ്പെടുവിച്ചിരുന്നത്.

അനിവാര്യമായ ഈ നടപടിയാണിപ്പോൾ ഡി.ഐ.ജി തിരുത്തിയിരിക്കുന്നത്. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം എസ്.പി സ്വീകരിച്ച നടപടി റദ്ദാക്കാൻ വെറും റെയ്ഞ്ച് ഡി.ഐ.ജി മാത്രമായ രാഹുൽ ആർ നായർ ആരാണ് എന്ന ചോദ്യമാണ് പൊലീസ് സേനയിൽ ഇപ്പോൾ ഉയരുന്നത്. സൂപ്പർ ഡി.ജി.പി ചമയാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യവും സേനയിൽ ശക്തമാണ്. തന്റെ അധികാര പരിധിയിൽപ്പെട്ട കണ്ണൂർ റെയ്ഞ്ചിൽ, രാഹുൽ ആർ നായർ പുറത്തിറക്കിയ മറ്റൊരു ഉത്തരവും ഇതിനകം തന്നെ വിവാദമായിട്ടുണ്ട്.

പോലീസുകാർക്ക് സ്വന്തം ജന്മദിനവും വിവാഹവാർഷികവും ആഘോഷിക്കാൻ അവധി നൽകണമെന്നും, പങ്കാളിയുടെയും മക്കളുടെയും ജന്മദിനവും അവധിക്ക് പരിഗണിക്കണമെന്നതുമാണ്. ഈ ഉത്തരവിൽ പറയുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ നാല്‌ ജില്ലകളിലാണ് ഇത് ബാധകമാക്കുന്നത്.

വിശ്രമവും വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ കാര്യങ്ങൾക്ക്, സമയം കിട്ടത്തക്ക വിധത്തിൽ പൊലീസുകാരുടെ ജോലി ക്രമീകരിക്കണമെന്നതാണ് ഡി.ഐ.ജി ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് ഒന്നിന് ഇതിന്റെ നിർവഹണം വിലയിരുത്താൻ പ്രത്യേക യോഗവും ഡി.ഐ.ജി. നിശ്ചയിച്ചിട്ടുണ്ട്.കേരള പൊലീസ് എന്നത് കണ്ണൂർ റെയ്ഞ്ച് പൊലീസ് ആണോ എന്നതാണ് ഈ ഉത്തരവിനെതിരെ ഉയർന്നിരിക്കുന്ന പ്രധാന വിമർശനം.

കണ്ണൂർ റെയ്ഞ്ചിൽ മാത്രമായി പൊലീസ് സേനക്ക് പ്രത്യേകമായി ഒരു സമ്മർദ്ദവും കഷ്ടപ്പാടും ഇല്ല. ഉണ്ടെങ്കിൽ അത് കേരളത്തിലെ ആകെ പൊലീസ് സേന അഭിമുഖീകരിക്കുന്നതാണ്. ഇക്കാര്യത്തിൽ മാറ്റം വരുത്തണമെങ്കിൽ, അതിൽ ഇടപെടേണ്ടത് ആഭ്യന്തര വകുപ്പും, സംസ്ഥാന പൊലീസ് ചീഫുമാണ്. നടപ്പാക്കേണ്ടത് സംസ്ഥാന വ്യാപകമായാണ്. ഇത്തരം കാര്യങ്ങളിൽ ഡി.ഐ.ജിമാർ നിലപാട് സ്വീകരിക്കാൻ തുടങ്ങിയാൽ, അതു വലിയ പ്രത്യാഘാതമാണ് സേനയിൽ ഉണ്ടാക്കുക. യഥാർത്ഥത്തിൽ, സേനയെ രണ്ടു ‘തട്ടിലാക്കുന്ന’ സമീപനമാണ് ഈ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് ഉയർന്നു വരുന്ന മറ്റൊരു വിമർശനം.ഒരു ഡി.ഐ.ജി ഇങ്ങനെ സൂപ്പർ ഡി.ജി.പി ചമയാൻ തുടങ്ങിയാൽ, അത്, സേനയുടെ അച്ചടക്കത്തെയാണ് ആത്യന്തികമായി ബാധിക്കുക.

Top