കേരള പൊലീസിന്റെ മനോവീര്യം നഷ്ടപ്പെട്ടു; കൊല്ലത്ത് വെടിവെച്ച് രക്ഷപ്പെടേണ്ടി വന്നത് വല്ലാത്തൊരു ഗതികേട്

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിൽ ഒന്നാണ് കേരള പൊലീസ്. അത് ക്രമസമാധാനത്തിന്റെ കാര്യത്തിലായാലും കുറ്റാന്വേഷണത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. എന്നാൽ ഇപ്പോൾ പോകുന്ന രൂപത്തിലാണ് ഇനിയും മുന്നോട്ട് പോകുന്നതെങ്കിൽ രാജ്യത്തെ ഏറ്റവും മോശം പോലീസ് സേനയുടെ ലിസ്റ്റിൽ കേരളവും ഇടം പിടിക്കുന്ന കാര്യം വിദൂരമല്ല. ഇത് തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടൽ ആഭ്യന്തര വകുപ്പ് നടത്തേണ്ടതുണ്ട്.

കൊല്ലത്ത് നടന്ന പൊലീസ് വെടിവയ്പ്പ് ഞെട്ടിക്കുന്നതാണ്. പൊലീസിന് പ്രാണരക്ഷാർത്ഥം ആകാശത്തേക്ക് വെടിവയ്ക്കേണ്ടി വന്നതിന്റെയും പ്രതികൾ രക്ഷപ്പെട്ടതിന്റെയും ഉത്തരവാദിത്വം കൊച്ചി സിറ്റി പൊലീസിലെ ഉന്നതർക്കാണ്. കൊല്ലത്ത് നടന്ന ഓപ്പറേഷൻ കൊല്ലം പൊലീസിനെ അറിയിച്ചിരുന്നുവോ എന്നതിനും എന്തു കൊണ്ട് കൂടുതൽ പൊലീസിനെ അയച്ചില്ല എന്നതിനും വ്യക്തമായ മറുപടി ആവശ്യമാണ്. ആവശ്യമായ പൊലീസ് സംവിധാനം ഒരുക്കിയിരുന്നു എങ്കിൽ ഇത്തരമൊരു സംഭവമേ ഉണ്ടാകില്ലായിരുന്നു.

യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂര്‍ റസ്റ്റ്ഹൗസില്‍ എത്തിച്ച് മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളും പോലീസുമാരുമായി ഉണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് കൊല്ലം കുണ്ടറയിൽ പോലീസിന് 4 റൗണ്ട് വെടിയുതിർക്കേണ്ടി വന്നിരിക്കുന്നത്. വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ പ്രാണരക്ഷാർത്ഥം പൊലീസ് ആണ് നാല് റൗണ്ട് വെടിയുതിർത്തത്.

ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കേസില്‍ ആറുപ്രതികളെ നേരത്തെ പിടികൂടിയിരുന്നു. രണ്ടുപേര്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാനാണ് ഇന്‍ഫോപാര്‍ക്ക് സിഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുണ്ടറയില്‍ എത്തിയിരുന്നത്.

വീട് വളഞ്ഞ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പിന്നാലെ ഓടിയപ്പോൾ ഇവർ പൊലീസിന് നേരെ വടിവാൾ വീശുകയും തുടർന്ന് സി ഐ നാല് തവണ വെടിയുതിർക്കുകയുമായിരുന്നു. ഇതിനിടെ ആന്റണിയും ലിജോയും കായലിൽ ചാടി രക്ഷപ്പെടുകയും ചെയ്തു. തിരുവനന്തപുരത്ത് പൊലീസിനു നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിനു ശേഷം സംസ്ഥാന പൊലീസിനെ നാണം കെടുത്തിയ മറ്റൊരു സംഭവമാണിത്.

പൊലീസിന്റെ മനോവീര്യം തകർന്നെന്ന് മനസ്സിലാക്കി തന്നെയാണ് ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും പൊലീസിനെ ആക്രമിക്കുന്നത്. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പിനും മാധ്യമങ്ങൾക്കും വലിയ പങ്കാണ് ഉള്ളത്. പൊലീസ് കൊലക്കേസ് പ്രതിയെ പിടിച്ച് അടിച്ചാലും കൊല്ലപ്പെട്ടവന്റെ വേദനയേക്കാൾ മാധ്യമങ്ങൾ വാർത്തയാക്കുന്നത് പ്രതിയുടെ വിലാപമാണ്. ഇതോടെ സർക്കാറും നടപടിക്ക് നിർബന്ധിതരാകും.

തൊപ്പി പോയവന്റെ വിലാപങ്ങൾ ശരിക്കും അറിയാവുന്ന സഹപ്രവർത്തകർ സ്വാഭാവികമായും പിന്നെ റിസ്ക്ക് എടുക്കാൻ തയ്യാറാകില്ല. ഏത് കേസിലെ പ്രതിയെ പിടിച്ചാലും ഉപദേശം മാത്രം നൽകുന്ന അവസ്ഥയിലേക്ക് പൊലീസ് സ്റ്റേഷനുകൾ മാറിയത് അതോടെയാണ്.

ഇതോടെ ഗുണ്ടകൾക്കും പൊലീസിനു മേലുള്ള ഭയമാണ് നഷ്ടമായിരിക്കുന്നത്. അതിന്റെ പരിണിതഫലം കൂടിയാണ് പൊലീസിനു നേരെയുള്ള ആക്രമണങ്ങൾ. ജനകീയ പൊലീസിനെ സൃഷ്ടിക്കുന്നവർ “പല്ലും നഖവും ഇല്ലാത്ത കടുവകളെ” ആരും പേടിക്കാറില്ലന്നതും തിരിച്ചറിയണം. അത്തരമൊരു അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. ഭയക്കേണ്ടവർ പൊലീസിനെ ഭയക്കുക തന്നെ വേണം. എങ്കിൽ മാത്രമേ നാട്ടിൽ സമാധാന അന്തരീക്ഷവും നിലനിൽക്കുകയൊള്ളൂ. അതിനാവശ്യമായ തിരുത്തലുകളാണ് ആഭ്യന്തര വകുപ്പ് നടത്തേണ്ടത്.

പൊലീസ് എന്നത് അച്ചടക്കമുള്ള ഒരു സേനയാണ്. തലപ്പത്ത് ഇരിക്കുന്നവരുടെ ‘നിലവാരവും’ പൊലീസിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കും എന്നതും സർക്കാർ തിരിച്ചറിയേണ്ടതുണ്ട്. പൊലീസ് ഉദ്ദ്യോഗസ്ഥ നിയമനങ്ങളിൽ യോഗ്യതയ്ക്ക് പകരം മറ്റു പലതും മാനദണ്ഡമാകുന്നതു കൊണ്ടാണ് സേനയുടെ മനോവീര്യം നഷ്ടപ്പെടുന്നത്. സ്റ്റേഷൻ എസ്.എച്ച്. ഒ മുതൽ ഐ.പി.എസ് ഉദ്യോഗസ്ഥർ വരെയുള്ളവരുടെ നിയമനങ്ങളിൽ മിടുക്കരായ ഉദ്ദ്യോഗസ്ഥരെ പരിഗണിക്കുന്നതിൽ യു.ഡി.എഫ് സർക്കാറിനു മാത്രമല്ല ഇടതുപക്ഷ സർക്കാറുകൾക്കും പലപ്പോഴും തെറ്റുകൾ പറ്റിയിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.

കളങ്കിതരും കുഴപ്പക്കാരുമായ ഉദ്യോഗസ്ഥരെ മാറ്റി നിർത്താൻ നിലവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുണ്ടെങ്കിലും ആ നടപടി എത്രമാത്രം മുന്നോട്ടു പോകുമെന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. സർക്കാർ ‘ബ്ലാക്ക് ലിസ്റ്റിൽ’ ഉദ്ദ്യോഗസ്ഥർ ഉൾപ്പെടുന്നതിന്റെ ‘മാനദണ്ഡം’ ഒരിക്കലും വ്യക്തിപരമായ താൽപ്പര്യമായി മാറാൻ പാടുള്ളതല്ല. ഇപ്പോൾ സുപ്രധാന ചുമതലകൾ വഹിക്കുന്ന ചില ഐ.പി.എസ് ഉന്നതർ ഉൾപ്പെടെ സംസ്ഥാന പൊലീസിന് മാനക്കേട് ഉണ്ടാക്കിയവരാണ്. പിണറായി സർക്കാറിന്റെ പൊലീസ് നയത്തിന് വിരുദ്ധമായി ഇത്തരക്കാർ എങ്ങനെ സുപ്രധാന പദവികളിൽ എത്തി എന്നത് മുഖ്യമന്ത്രി തന്നെ നേരിട്ട് പരിശോധിക്കേണ്ട കാര്യമാണ്. നയിക്കുന്നവർ ‘കളങ്കിതരാണെങ്കിൽ’ പറയുന്നത് അനുസരിക്കേണ്ട ഗതികേടുള്ള താഴെ തട്ടിലെ ഉദ്യോഗസ്ഥരുടെ അവസ്ഥ എന്തായിരിക്കും എന്നതും മനസ്സിലാക്കാവുന്നതേയൊള്ളൂ.

ആത്മാർത്ഥമായി ജോലി ചെയ്യുന്ന സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ മടുപ്പിക്കുന്ന ഇത്തരം നിലപാടുകൾ തിരുത്തിക്കാൻ മുഖ്യമന്ത്രി തന്നെ ഇടപെടേണ്ടതുണ്ട്. അതു പോലെ തന്നെ ജില്ലാ പൊലീസ് മേധാവിമാരായ ഐ.പി.എസുകാരെ മറികടന്ന് സൂപ്പർ എസ്.പി ചമയാൻ ഏതെങ്കിലും കീഴുദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെങ്കിൽ അതും ഗൗരവമുള്ള കാര്യമാണ്. രാഷ്ട്രീയ സ്വാധീനമാണ് ഇത്തരം ഉദ്യോഗസ്ഥർക്ക് ‘ധൈര്യം’ നൽകുന്നതെങ്കിൽ അതും പൊലീസ് എന്ന സിസ്റ്റത്തിനു തന്നെയാണ് തിരിച്ചടിയാകുക.

സർക്കാറിന്റെ കണ്ണാണ് പൊലീസ് അത് തകരാറിലായാൽ സംസ്ഥാന ഭരണമാണ് താറുമാറാകുക. പൊലീസിനെ ഭരിക്കുന്നവർ ഇക്കാര്യവും ഓർക്കുന്നത് നല്ലതാണ്.

മറ്റു സർക്കാറുകളെ അപേക്ഷിച്ച് പൊലീസിന് വലിയ സ്വാതന്ത്ര്യം നൽകിയാണ് ഒന്നാം പിണറായി സർക്കാർ ഭരണം തുടങ്ങിയിരുന്നത്. ആ 5 വർഷവും സംസ്ഥാന പൊലീസ് കാഴ്ചവച്ചതും മികച്ച പ്രകടനമാണ്. പ്രളയ കാലഘട്ടത്തിലും കോവിഡ് കാലത്തും കേരള പൊലീസ് നടത്തിയ പ്രവർത്തനം രാജ്യത്തിനു തന്നെ മാതൃകയായിരുന്നു. ഇതേ പ്രതിച്ഛായയോടെ തന്നെ രണ്ടാം പിണറായി സർക്കാറും മുന്നോട്ട് പോകണമെന്നാണ് ജനങ്ങളും അഗ്രഹിക്കുന്നത്. അതിന് നിലവിലെ ‘രീതികൾ’ തിരുത്തിയ മതിയാകൂ.

EXPRESS KERALA VIEW

Top