അക്രമികളെ അമര്‍ച്ച ചെയ്യുന്നതില്‍ ആഭ്യന്തരം പരാജയം, കഴിവില്ലെങ്കില്‍ കേന്ദ്രത്തെ വിളിക്കൂ; സുരേന്ദ്രന്‍

തിരുവനന്തപുരം: ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകം കേളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനതത്തിന്റെ ആഭ്യന്തരവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്നും അക്രമം തടയാന്‍ കഴിയുന്നില്ലെങ്കില്‍ കേന്ദ്രത്തെ അറിയിക്കണമെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമാധാനം തകര്‍ക്കാനുള്ള കൊലപാതകമാണ് ആലപ്പുഴയില്‍ നടന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമാണ്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയുന്നില്ല. സി.പി.എമ്മിന്റെയും പിണറായി വിജയന്റെ പൊലീസിന്റെയും സഹായമാണ് പ്രകോപനപരമായ പ്രവര്‍ത്തികള്‍ തുടരാന്‍ പി.എഫ്.ഐക്ക് ധൈര്യം നല്‍കുന്നത്. വലിയ തരത്തിലുള്ള ആയുധ പരിശീലനവും ഭീകരപ്രവര്‍ത്തനവും പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിവരികയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഒരു ക്രിമിനല്‍ കേസില്‍ പോലും പ്രതിയല്ലാത്ത രഞ്ജിത്ത് ശ്രീനിവാസനെ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ മാത്രം ലക്ഷ്യമിട്ടു അക്രമമല്ല ഇത്. ഉന്നതരുടെ ഗൂഢാലോചനയില്‍ വ്യക്തമായ ആസൂത്രണത്തോടെ നടക്കുന്ന കൊലപാതകമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമങ്ങളെ നിയന്ത്രിക്കാന്‍ കേരള പൊലീസിന് കഴിയുന്നില്ലങ്കില്‍ കേന്ദ്രത്തെ അറിയിക്കാന്‍ തയ്യാറാകണം. പൊലീസിന്റെ സഹായം ഭീകരപ്രവര്‍ത്തകര്‍ക്ക് കിട്ടുന്നു എന്നുള്ളത് ഇന്ത്യയില്‍ കേരളത്തില്‍ മാത്രം കാണുന്ന കാര്യമാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Top