ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നിയമനം സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളിയാകും

police

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.

റേഞ്ചുകളില്‍ ഐ.ജി തസ്തികകള്‍ക്ക് പകരം ഡി.ഐ.ജി തസ്തികയാക്കിയതോടെ കണ്‍ഫേഡ് ഐ.പി.എസുകാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിയമനത്തിനായി ചരട് വലി തുടങ്ങിയിട്ടുണ്ട്. ഡി.ഐ.ജി തസ്തികയായ കൊച്ചി , തിരുവനന്തപുരം സിറ്റികളിലും സമാന നീക്കങ്ങളാണ് നടക്കുന്നത്.

കണ്‍ഫേഡ് ഐ.പി.എസുകാരനായ ഡി.ഐ.ജിക്ക് നേരിട്ട് ഐ.പി.എസ് നേടിയ യുവ ഉദ്യാഗസ്ഥരെ നിയന്ത്രിക്കുന്നതിനു പരിമിതികളുണ്ടാവും.

തിരുവനന്തപുരത്ത് സി.പി.എം ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്ത ഡി.സി.പി ചൈത്ര തെരേസ ജോണ്‍ കണ്‍ഫേഡ് ഐപിഎസുകാരനായ കമീഷണറോട് ആലോചിക്കാതെയാണ് സാഹസം കാട്ടിയിരുന്നത്.

ഈ വനിതാ ഐ.പി.എസുകാരി കോട്ടയം എ.എസ്.പി ആയിരുന്ന സമയത്തും കണ്‍ഫേഡുകാരനായ കോട്ടയം എസ്.പിയുടെ നിര്‍ദ്ദേശം ധിക്കരിച്ചിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെ വിടണമെന്ന എസ്.പിയുടെ നിലപാടാണ് ചൈത്രയെ ചൊടിപ്പിച്ചത്.

കണ്‍ഫേഡ് ഐ.പി.എസുകാര്‍ ക്രമസമാധാന ചുമതലയില്‍ ഇരുന്ന ഒട്ടുമിക്ക സ്ഥലങ്ങളിലും ഇതു പോലത്തെ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഷ്ടപ്പെട്ട് പഠിച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതി നേടുന്ന ഐ.പി.എസ് പദവിയെ ‘ദാനം’ കിട്ടുന്ന പദവിയുമായി താരതമ്യം ചെയ്യാന്‍ പോലും യുവ ഐ.പി.എസുകാരില്‍ ഭൂരിപക്ഷവും ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കണ്‍ഫേഡുകാരില്‍ ആരോപണ വിധേയര്‍ ഉള്ളതും, അനാവശ്യ ഇടപെടല്‍ നടത്തുന്നതും യുവ ഐ.പി.എസുകാരുടെ അപ്രീതിക്ക് മറ്റൊരു കാരണമാണ്.

സര്‍ക്കാര്‍ റേഞ്ചുകളിലും സോണലിലും തസ്തികകള്‍ പുതുതായി ക്രമീകരിച്ച സാഹചര്യത്തില്‍ ഏതൊക്കെ ഉദ്യോഗസ്ഥരാണ് പരിഗണിക്കപ്പെടുക എന്നതാണ് ഇപ്പോള്‍ പൊലീസ് സേന ഉറ്റുനോക്കുന്നത്.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ റേഞ്ചുകളില്‍ ഐ.ജിക്ക് പകരം ഡി.ഐ.ജിമാരാണ് ഇനി വരിക. യഥാര്‍ത്ഥത്തില്‍ ഇത് ഡി.ഐ.ജി പോസ്റ്റ് തന്നെയാണ്. ഐ.ജിമാരുടെ എണ്ണം കൂടിയ ഘട്ടത്തില്‍ അവര്‍ക്ക് മുന്‍ സര്‍ക്കാര്‍ റെയ്ഞ്ചുകളില്‍ നിയമനം നല്‍കുകയായിരുന്നു.

ഉത്തരമേഖല, ദക്ഷിണമേഖല സോണലുകളില്‍ ഐ.ജിമാരെ നിയമിക്കും. ഇവിടെ നിലവിലുണ്ടായിരുന്ന എ.ഡി.ജി.പി തസ്തിക ഒറ്റ ഒന്നാക്കി എ.ഡി.ജി.പി ഓപ്പറേഷന്‍സ് എന്ന തസ്തിക തന്നെ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുടെ ചുക്കാന്‍ ഇനി എ.ഡി.ജി.പി ഓപ്പറേഷന്‍സായിരിക്കും നിര്‍വ്വഹിക്കുക.

ക്രമസമാധാന ചുമതലയില്‍ മികവ് പുലര്‍ത്തിയ ഉദ്യോഗസ്ഥരെ കണ്ടെത്തി നിയമിച്ചില്ലങ്കില്‍ അത് സര്‍ക്കാറിനെ സംബന്ധിച്ച് പുലിവാല് പിടിക്കുന്നതിന് തുല്യമായിരിക്കും.

ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്ന വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ ശക്തനായ കമ്മീഷണറെ നിയമിക്കണമെന്ന ആവശ്യം പൊലീസില്‍ ഉയര്‍ന്നു കഴിഞ്ഞു.

പ്രത്യേകിച്ച് മുംബൈ അധോലോകം വരെ കൊച്ചിയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത വേണമെന്നതാണ് റിട്ടയര്‍ ചെയ്ത മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.

അതേ സമയം കോഴിക്കോട് റൂറല്‍ എസ്.പിയായി പുതുതായി നിയമനം നല്‍കിയ അബ്ദുള്‍ കരീമിനെതിരെ കേന്ദ്ര ഇലക്ഷന്‍ കമ്മിഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ അഭിഭാഷകന്‍.

ഇയാള്‍ ക്രൈംബ്രാഞ്ച് എസ്.പി ആയിരിക്കെ ഓണ്‍ലൈന്‍ മണി ചെയിന്‍ തട്ടിപ്പ് കേസ് പ്രതിയായ ഹരീഷ് മദനീനിയെ അറസ്റ്റ് ചെയ്ത ഉടനെ വിട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്.

എസ്.പിയുടെ നടപടി ചോദ്യം ചെയ്ത് ഡി.വൈ.എസ്.പി പ്രക്ഷോഭ് മുന്‍പ് ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഒരു അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഡി.വൈ.എസ്.പിയോട് പക വീട്ടുന്നതിനായി എസ്.പി ഇടപെട്ട് പ്രക്ഷോഭിനെ പി.ആര്‍ ആക്കുന്ന സാഹചര്യം വരെ ഉണ്ടായി. ഇതിന് ഡി.വൈ.എസ്.പി ഡി.ജി.പിക്ക് നല്‍കിയ അപ്പീലിലും എസ്.പിയുടെ നിയമവിരുദ്ധ പ്രവര്‍ത്തി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഭവം അന്വേഷിച്ച പാലക്കാട് എസ്.പിക്ക് മുന്നില്‍ അബ്ദുള്‍ കരീം തന്നെ ഹരീഷ് മദനിനിയെ വിട്ട സംഭവം സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന.

ഗുരുതരമായ ഈ സംഭവത്തില്‍ നടപടി സ്വീകരിക്കുന്നതിന് പകരം ഈ എസ്.പിക്ക് ക്രമസമാധാന ചുമതല നല്‍കിയത് ശരിയായ നടപടിയല്ലെന്നാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നത്.

ഇത്തരം ആരോപണ വിധേയരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്

Top